ധരംശാലയിൽ പഞ്ചറായി പഞ്ചാബ് ; തുടർച്ചയായ ആറാം തോൽവിയോടെ പ്ലേഓഫ് സാധ്യതകൾ മങ്ങി
ചണ്ഡീഗഡ് : ഐപിഎല്ലിൽ പഞ്ചാബിനെ 23 റൺസിന് തകർത്ത് ബെംഗളൂരു. ആദ്യം ബാറ്റ് ചെയ്ത ആർസിബി ഉയർത്തിയ 223 റൺസ് ലക്ഷ്യം ചേസ് ചെയ്ത പഞ്ചാബിന് 20 ഓവറിൽ റൺ 199 എടുക്കാനെ സാധിച്ചുള്ളൂ. ഇതോടെ തുടർച്ചയായ ആറാം മത്സരത്തിൽ തോറ്റ പഞ്ചാബിന്റെ പ്ലേയോഫ് മോഹങ്ങൾ തുലാസിലായി. വെങ്കടേഷ് അയ്യർ, വിരാട് കോഹ്‌ലി എന്നിവരുടെ അർധ സെഞ്ച്വറി കരുത്തിലാണ് ആർസിബി മികച്ച ടോട്ടൽ പടുത്തുയർത്തിയത്.ടോസ് നേടി ആദ്യം ബോളിങ് തിരഞ്ഞെടുത്ത പഞ്ചാബ് മൂന്നാം ഓവറിൽ ഓപ്പണർ ജാക്കബ് ബെത്തലിനെ മടക്കി വിട്ടു. പിന്നാലെയിറങ്ങിയ ദേവദത്ത് പടിക്കലിനെ ഒപ്പം കൂട്ടി കോഹ്‌ലി പതിയെ ഗിയർ മാറ്റി. കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തിയും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തും ഇരുവരും സ്‌കോർ ബോർഡിൽ റൺസ് ചേർത്തു. 25 പന്തിൽ 45 റൺസുമായി പടിക്കൽ മടങ്ങുമ്പോൾ ഇരുവരും കൂട്ടിച്ചേർത്തത് 76 റണ്ണാണ്. പിന്നാലെയിറങ്ങിയ വെങ്കടേഷ് അയ്യർ പതിയെ തുടങ്ങിയെങ്കിലും പിന്നീട് കോഹ്‌ലിയെ പോലെ ഫുൾ ഫ്ലോയിലേക്ക് കയറി. 8 ഫോറും 4 സിക്സുമടക്കം 40 പന്തിൽ 73 റൺസെടുത്ത് പുറത്താവാതെ നിന്ന അയ്യരാണ് ആർസിബി സ്‌കോർ 200ന് മുകളിൽ എത്തിച്ചത്.37 പന്തിൽ 58 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. 4 ഫോറും 3 സിക്‌സും ഉൾപ്പടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അവസാന ഓവറുകളിൽ 2 വീതം സിക്‌സും ഫോറുമായി ടിം ഡേവിഡും തകർത്തടിച്ചു. പഞ്ചാബിനായി ഹർപ്രീത് ബ്രാർ രണ്ടും യുസ്‌വേന്ദ്ര ചഹൽ, അർശ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും നേടി.ചേസിങ്ങിനിറങ്ങിയ പഞ്ചാബിന് മൂന്നാം പന്തിൽ പ്രിയൻഷ് ആര്യയെ നഷ്ടമായി. മൂന്നാം ഓവറിൽ പ്രബ്സിമ്രൻ സിംഗിനെ കൂടി മടക്കി വിട്ട് ഭുവനേശ്വർ കുമാർ ഒരിക്കൽ കൂടി തന്റെ ക്ലാസ് തെളിയിച്ചു. ഇമ്പാക്ട് പ്ലെയറായി ഇറങ്ങി ശ്രേയസ് അയ്യരെ മടക്കി വിട്ട് റാസിക് ധാർ കൂടി ട്രാക്കിലെത്തിയതോടെ പഞ്ചാബ് ടോപ് ഓർഡർ ചീട്ട് കൊട്ടാരം പോലെ തകർന്നടിഞ്ഞു. കൂപ്പർ കൊണോലി, സൂര്യൻഷ് ഹെഡ്ഗേ, ശശാങ്ക് സിങ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിനോക്കിയെങ്കിലും ഫലമുണ്ടായില്ല. ആർസിബിക്കായി റാസിക് ധാർ മൂന്നും ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും നേടി. റൊമാരിയോ ഷെഫേർഡ്, സുയാഷ് ശർമ, ജോഷ് ഹേസൽവുഡ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. 13 മത്സരങ്ങളിൽ 13 പോയിന്റ് മാത്രമാണ് പഞ്ചാബിനുള്ളത്. ഒരു മത്സരം കുറവ് കളിച്ച ചെന്നൈക്കും രണ്ട് മത്സരം കുറവ് കളിച്ച രാജസ്ഥാനും 12 പോയിന്റ് വീതമുണ്ട്. പഞ്ചാബിന്റെ തോൽവിയോടെ ഇരുവർക്കും മുന്നിൽ പ്ലേയോഫ് സാധ്യത തെളിഞ്ഞ് വരുന്നുണ്ട്. മെയ് 23ന് പട്ടികയിലെ അവസാന സ്ഥാനക്കാരായ ലക്നൗവിനെതിരെയാണ് പഞ്ചാബിന്റെ അവസാന മത്സരം.





