പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തുടരും; തീരുമാനത്തിൽ പുനഃപരിശോധനയില്ലെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെ തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ വിഷയത്തിൽ പാർട്ടി തീരുമാനമെടുത്തതാണെന്നും ഇനി യാതൊരുവിധ പുനഃപരിശോധനയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പ്രതിപക്ഷ നേതാവായി പിണറായി വിജയന് നിയമസഭയിൽ ഓഫീസ് മുറി അനുവദിച്ചു. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ വീണ്ടും തീരുമാനിച്ചതിൽ ചില ജില്ലാ കമ്മിറ്റികളിൽ നിന്ന് രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പാർട്ടി നിലപാട് എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത്. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് ആരായിരിക്കണം എന്നതു സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചർച്ച ചെയ്തപ്പോൾ പിണറായി വിജയന്റെ പേര് ഏകകണ്ഠമായാണ് തീരുമാനിച്ചത്. ഈ തീരുമാനത്തിന് സംസ്ഥാന കമ്മിറ്റിയുടെയും പോളിറ്റ് ബ്യൂറോയുടെയും പൂർണ അംഗീകാരമുണ്ടെന്നും, നേതൃത്വത്തിൽ ഇക്കാര്യത്തിൽ പൂർണ ഐക്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നാളെ മുതൽ ഡൽഹിയിൽ ആരംഭിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ് എം.വി. ഗോവിന്ദൻ എത്തിയിട്ടുള്ളത്. പ്രതിപക്ഷ നേതാവിനെ മാറ്റുക എന്നൊരു ചർച്ച ഇനി പാർട്ടിക്കുള്ളിൽ ഒരിടത്തും ഉണ്ടാകില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം, കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നും സൂചിപ്പിച്ചു.അതേസമയം, പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന പിണറായി വിജയന് നിയമസഭാ മന്ദിരത്തിൽ പുതിയ ഓഫീസ് മുറി ഒരുങ്ങി. മുൻ പ്രതിപക്ഷ നേതാവ് ഉപയോഗിച്ചിരുന്ന അതേ ഓഫീസ് തന്നെയാണ് പുതിയ പ്രതിപക്ഷ നേതാവിനും നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഓഫീസിന് പുറത്ത് ‘പ്രതിപക്ഷ നേതാവ്’ എന്ന പേരിലുള്ള പിണറായി വിജയന്റെ ഔദ്യോഗിക ബോർഡും സ്ഥാപിച്ചു കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button