രാജ്യസഭ തെരഞ്ഞെടുപ്പ്; എൻഡിഎക്ക് ഒരു സീറ്റ് കുറയും, കോൺഗ്രസിന് നേട്ടം; ടിവികെ അക്കൗണ്ട് തുറന്നേക്കും

ന്യുഡൽഹി: ഒഴിവ് വരുന്ന 26 സീറ്റുകളിലേക്ക് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎക്ക് ഒരു സീറ്റ് കുറഞ്ഞേക്കും. നിയമസഭകളിലെ അംഗസംഖ്യ വച്ച് കോൺഗ്രസിന് ഒരു സീറ്റ് കൂടാനാണ് സാധ്യത. ചരിത്രത്തിൽ ആദ്യമായി വിജയ് നേതൃത്വം നൽകുന്ന ടിവികെ പ്രതിനിധി രാജ്യസഭയിൽ എത്തിയേക്കും. ജൂൺ 18 നാണ് ഒഴിവ് വരുന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്കുള്ള മത്സരം. ജൂൺ 21 നും ജൂലൈ 19 നും ഒഴിവ് വരുന്ന സീറ്റുകളിലേക്കാണ് മത്സരം. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്, കേന്ദ്രമന്ത്രിമാരായ രൺവീത് സിംഗ്, ജോർജ് കുര്യൻ എന്നിവരാണ് കാലാവധി പൂർത്തായാക്കുന്ന പ്രമുഖർ. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ നാല് സീറ്റുകൾ വീതവും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് വീതവും ജാർഖണ്ഡിൽ രണ്ട് സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ്. മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നിവിടങ്ങളിൽ ഓരോ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. ഇതിന് പുറമെ മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതേദിവസം തന്നെ നടക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന 26 സീറ്റുകളിൽ 18 എണ്ണം എൻഡിഎയുടെയും നാലെണ്ണം കോൺഗ്രസിന്റെയും കൈവശമാണ്. വൈഎസ്ആർ കോൺഗ്രസിന് മൂന്നും ജെഎംഎമ്മിന് ഒരു സീറ്റുമുണ്ട്. പുതിയ കണക്കുകൾ പ്രകാരം എൻഡിഎയുടെ സീറ്റ് 17 ആയി കുറഞ്ഞേക്കും. കോൺഗ്രസ് തങ്ങളുടെ സീറ്റ് നില 5 ആയി ഉയർത്തിയേക്കാം. ജാർഖണ്ഡ് മുക്തി മോർച്ച രണ്ട് സീറ്റുകൾ നേടിയേക്കും. എഐഎഡിഎംകെ നേതാവ് സി.വി. ഷൺമുഖൻ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ നിലവിലെ വോട്ട് കണക്കുകൾ പ്രകാരം ഈ സീറ്റ് വിജയിയുടെ ടിവികെ നേടാനാണ് സാധ്യത. നിലവിൽ 244 അംഗങ്ങളുള്ള രാജ്യസഭയിൽ എൻഡിഎയ്ക്ക് 149 എംപിമാരുണ്ട്. പ്രതിപക്ഷത്തിന് 78 അംഗങ്ങളും മറ്റ് പ്രാദേശിക പാർട്ടികൾക്ക് 17 സീറ്റുകളുമുണ്ട്. കർണാടകയിൽ നാല് സീറ്റുകളിൽ മൂന്നെണ്ണം ഭരണകക്ഷിയായ കോൺഗ്രസ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചേക്കും. ആന്ധ്രയിലെ നാല് സീറ്റുകളും തെലുഗുദേശം പാർട്ടി ജയിച്ചേക്കും ഗുജറാത്തിലെ നാല് സീറ്റുകളിലും ബിജെപി വിജയം ഉറപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി രണ്ട് സീറ്റുകൾ വീതവും കോൺഗ്രസ് ഓരോ സീറ്റുകൾ വീതവും നേടിയേക്കും. എൻസിപി നേതാവ് സുനേത്ര പവാർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് രാജിവെച്ച സീറ്റിലേക്കാണ് മഹാരാഷ്ട്രയിൽ ഉപതെരഞ്ഞെടുപ്പ്. ഈ സീറ്റ് എൻഡിഎ നിലനിർത്താനാണ് സാധ്യത. ജെഎംഎം-കോൺഗ്രസ് സഖ്യം രണ്ട് സീറ്റുകളിലും വിജയിക്കാൻ സാധ്യതയുണ്ടെങ്കിലും, ക്രോസ് വോട്ടിംഗിലൂടെ ഒരു സീറ്റ് പിടിച്ചെടുക്കാൻ ബിജെപിയും ശ്രമം നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button