500 രൂപയുടെ പെൻഷനായി 90 വയസുള്ള അമ്മായിയമ്മയെ ചുമലിലേറ്റി കിലോമീറ്ററുകൾ നടന്ന് മരുമകൾ
സർഗുജ (ഛത്തീസ്ഗഡ്): 50വയസുള്ള സ്ത്രീ തന്റെ 90 വയസുള്ള അമ്മായിയമ്മയെ ചുമലിലേറ്റി റോഡിലൂടെ നടന്നു നീങ്ങുകയാണ്. ചുട്ടുപൊള്ളുന്ന വെയിലും,കാല്‍ പൊള്ളിയടരുന്ന കോണ്‍ഗ്രീറ്റ് റോഡും സൂര്യാഘാതമേൽക്കാനുള്ള സാധ്യതയുമെല്ലാം വകവെയ്ക്കാതെ ആ രണ്ട് സ്ത്രീകളും കിലോമീറ്ററോളം മുന്നോട്ട് നടന്നു. ആ വയോധികയുടെ പ്രതിമാസ പെന്‍ഷനായ 500 രൂപ കിട്ടുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിൽ നിന്നുള്ള ഈ വിഡിയോ സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്കാണ് വഴി വെച്ചത്. സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങൾ തങ്ങൾക്ക് അർഹതപ്പെട്ടത് നേടിയെടുക്കാൻ അനുഭവിക്കുന്ന ദൈനംദിന ബുദ്ധിമുട്ടുകളിലേക്കാണ് വിരൽചൂണ്ടുന്നത്.കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതിനാൽ വയോധികക്ക് കഴിഞ്ഞ നാല് മാസമായി പെൻഷൻ ലഭിച്ചിരുന്നില്ല. ഉദ്യോഗസ്ഥൻ പെൻഷൻ വീട്ടിലെത്തിച്ചു നൽകുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും അത് ലഭിക്കാതായതോടെയാണ് ഇവർ ബാങ്കിലേക്ക് നേരിട്ട് പോകാൻ തീരുമാനിച്ചത്.കുനിയ പ്രദേശത്തെ ജംഗൽപാറ ഗ്രാമവാസിയായ സുഖ്മാനിയ, കാൽനടയായി കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് മെയ്ൻപത് പട്ടണത്തിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെത്തിയത്. ഇവരുടെ യാത്ര ഒരു വഴിയാത്രക്കാരൻ മൊബൈൽ ക്യാമറയിൽ പകർത്തിയതോടെയാണ് വാർത്ത പുറത്തറിയുന്നത്.ബാങ്കിലെത്തി കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, കുടിശ്ശികയുണ്ടായിരുന്ന 2,000 രൂപ ബാങ്ക് ഇവർക്ക് ഉടൻ തന്നെ അനുവദിച്ചു. അടുത്ത മാസം മുതൽ പെൻഷൻ തുക വീട്ടിലെത്തിക്കുമെന്ന് മെയ്ൻപത് ജൻപത് പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഖുഷ്ബു ശാസ്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.രേഖകൾ അപൂർണ്ണമായതിനാലാണ് ഇവരുടെ പെൻഷൻ തടഞ്ഞുവെച്ചതെന്ന് മെയ്ൻപത് ജൻപത് പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഖുഷ്ബു ശാസ്ത്രി പറയുന്നു. “ജനുവരിയിലാണ് അവസാനമായി പെൻഷൻ വീട്ടിലെത്തിച്ചു നൽകിയത്. കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ കഴിഞ്ഞ നാല് മാസമായി ഈ സേവനം നിർത്തിവെച്ചിരിക്കുകയായിരുന്നു,” അവർ പിടിഐയോട് പറഞ്ഞു.വിഡിയോ വൈറലായതോടെ സർക്കാരിനെ വിമർശിച്ച് കൊണ്ട് മുൻ ഉപമുഖ്യമന്ത്രി ടി.എസ് സിംഗ് ദിയോ രംഗത്തെത്തി. വോട്ട് ചോദിക്കാൻ ജനങ്ങളുടെ വീടുകളിൽ കയറിയിറങ്ങുന്ന രാഷ്ട്രീയക്കാർ, സംസ്ഥാനത്തെ പ്രായമായവർക്ക് അവരുടെ പെൻഷൻ കൃത്യമായി വീടുകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.





