കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ കേടായ തെങ്ങ് പൊട്ടി വീണു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ കേടായ തെങ്ങ് പൊട്ടി വീണ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ മട്ടന്നൂർ റോഡിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. കുടിക്കിമൊട്ടയ്‌ക്ക് സമീപത്ത് വച്ച് കാറിനു മുകളിൽ തെങ്ങ് പൊട്ടി വീഴുകയായിരുന്നു..കാർ ഓടിച്ചു കൊണ്ടിരുന്ന വാരം സ്വദേശി രതീഷാണ് നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടത്. എളയാവൂർ സ്വദേശി രജീഷിന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ട്രാവൽസിന്റെ എത്തിയോസ് കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് കാർ പൂർണമായും തകർന്നു. കാറിന്റെ മുകളിൽ വീണതിന് ശേഷം തെങ്ങ് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു ബൈക്കിന് മുകളിലും തട്ടി. ബൈക്കിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.





