സന്ദീപ് വാര്യർ എം.എൽ.എക്ക് വധഭീഷണി; വെടിവെച്ചുകൊല്ലുമെന്ന് ഫോൺ സന്ദേശം
കാസർകോട്: സന്ദീപ് വാര്യർ എം.എൽ.എക്ക് നേരെ വധഭീഷണി. ഫോണിലൂടെ അജ്ഞാതൻ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് എം.എൽ.എക്ക് ഭീഷണി കോളുകൾ വന്നത്. സംഭവത്തിൽ സന്ദീപ് വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചന്ദേര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വാരണാസിയിൽ നിന്നാണ് വിളിക്കുന്നതെന്നാണ് ഫോണിലൂടെ അജ്ഞാതൻ അവകാശപ്പെട്ടതെന്ന് എം.എൽ.എയുടെ പരാതിയിൽ വ്യക്തമാക്കുന്നു. തനിക്ക് ജീവഭയമുണ്ടെന്നും ഭീഷണിക്ക് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്നാണ് എം.എൽ.എ ആരോപിച്ചു.





