പാലിന് തിങ്കളാഴ്ച മുതല്‍ ലിറ്ററിന് 4 രൂപ കൂടും; തൈരിനും 10 രൂപ വില വര്‍ദ്ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ പുതുക്കിയ നിരക്കുകള്‍ തിങ്കൾ മുതല്‍ നിലവില്‍ വരും. ലിറ്ററിന് നാല് രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തുക. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ വിലവര്‍ദ്ധനവ് സംബന്ധിച്ച് ധാരണയായിരുന്നുവെങ്കിലും ഇപ്പോഴാണ് ഇത് നടപ്പിലാക്കുന്നത്. വര്‍ദ്ധിപ്പിക്കുന്ന തുകയില്‍ 3.35 രൂപയും നേരിട്ട് ക്ഷീരകര്‍ഷകരിലേക്ക് എത്തുന്ന രീതിയിലാണ് മില്‍മ ക്രമീകരണം നടത്തിയിട്ടുള്ളത്.ഹൈക്കോടതി നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും, വിഷയത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതികളുണ്ടെന്നും ഔദ്യോഗിക വിശദീകരണമുണ്ട്. പാല്‍ വിലയ്‌ക്ക് പിന്നാലെ തൈരിന്റെ വിലയും നാളെ മുതല്‍ ഉയരും. കിലോഗ്രാമിന് 10 രൂപയുടെ വര്‍ദ്ധനവാണ് തൈരിന് ഉണ്ടാകുക. അതേസമയം മില്‍മയുടെ മറ്റ് ഉല്‍പ്പന്നങ്ങളായ നെയ്യ്, ഐസ്‌ക്രീം തുടങ്ങിയവയുടെ വിലയില്‍ തത്ക്കാലം മാറ്റമുണ്ടാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം.




