നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം; കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകൾ, ഏഴ് വാരിയെല്ലുകൾ പൊട്ടി,

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ക്രൂരതയുടെ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകൾ തകർന്നതായും ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി. തലയിലേറ്റ ക്ഷതത്തെ തുടർന്നുള്ള നീർക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിന്റെ മരണകാരണം. തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസ്സുകാരൻ തടസ്സമായിരുന്നതിനാലാണ് ക്രൂരമായി മർദിച്ചതെന്ന് അമ്മയുടെ പങ്കാളിയായ അഷ്കർ പൊലീസിന് മൊഴി നൽകി. കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞ നിലയിലായിരുന്നു. കുട്ടി പടിയിൽ നിന്ന് വീണതാണെന്നായിരുന്നു പൊലീസിനോട് ആദ്യം പറഞ്ഞതെങ്കിലും, ഇതിൽ ദുരൂഹതയുണ്ടെന്നും കൈ ഒടിച്ചതാണെന്നും പൊലീസ് സംശയിക്കുന്നു. പ്രതി കുഞ്ഞിനെ നിരന്തരം അതിക്രൂരമായി ഉപദ്രവിക്കാറുണ്ടെന്ന വിവരം അമ്മ അഖിലയ്ക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതേത്തുടർന്ന് അമ്മ അഖിലയ്ക്കെതിരെ കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിനും പ്രേരണാകുറ്റത്തിനും പൊലീസ് കേസെടുത്തു. മുഖ്യപ്രതി അഷ്കറിനെതിരെ കൊലപാതകക്കുറ്റം (IPC 302), കുട്ടികൾക്കെതിരെയുള്ള അതിക്രമം, എസ്സി/എസ്ടി അതിക്രമ നിരോധന നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ ജാതി സർട്ടിഫിക്കറ്റുകൾ ശേഖരിച്ച ശേഷം കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button