ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ വനപാലകര്‍ സഞ്ചരിച്ച ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു, 2 പേർക്ക് പരിക്ക്
തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ കാട്ടാന വനപാലകര്‍ സഞ്ചരിച്ച ജീപ്പ് കുത്തിമറിച്ചിട്ടു. ജീപ്പിനകത്തുണ്ടായിരുന്ന അഞ്ച് വനപാലകരില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചാര്‍പ്പ റേഞ്ചിലെ കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കായംകുളം ചേരാവള്ളി ലിയാന്‍ മന്‍സില്‍ റിയാസ് (37), ഫോറസ്റ്റ് വാച്ചര്‍ വെറ്റിലപ്പാറ കിണറ്റിങ്കല്‍ ഷാജു (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടി വാഴച്ചാല്‍ വനം ഡിവിഷന്‍ അതിര്‍ത്തിയായ കുണ്ടൂര്‍മേടില്‍ മൂന്ന് ദിവസത്തെ ഉള്‍വന പരിശോധനാ ക്യാമ്പ് കഴിഞ്ഞ് തിരിച്ച് വരുന്നവഴി കണ്ണംകുഴി സ്റ്റേഷന്‍ പരിധിയിലെ ബടാപാറക്കടുത്തായിരുന്നു സംഭവം. വളവ് തിരിഞ്ഞ് വരികയായിരുന്നു ജീപ്പിന് മുന്നിലൂടെ കാട്ടാനയെത്തി ജീപ്പില്‍ ഇടിച്ചു. ആദ്യത്തെ ഇടിയല്‍ റിയാസ് പുറത്തേക്ക് തെറിച്ചുവീണു. വീഴ്ചയ്ക്കിടയില്‍ ആനയുടെ തട്ടേറ്റ് റിയാസിന് പരിക്കേറ്റു. ജീപ്പിന്റെ കമ്പിയിലിടിച്ച് ഷാജുവിന്റെ തലയ്ക്കും പരുക്കേറ്റു. ആനയുടെ ആക്രമണത്തില്‍നിന്നും തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്. അഞ്ചോളം തവണ കുത്തി ജീപ്പ് മറിച്ചിട്ടശേഷമാണ് ആന കാട്ടിലേക്ക് കയറിപ്പോയത്. സംഭവമറിഞ്ഞ് വനംവകുപ്പിന്റെ മറ്റൊരു ജീപ്പില്‍ പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഡി.എഫ്.ഒ. ആര്‍. ലക്ഷ്മിയും ഉന്നത ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി.