ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയിൽ

കണ്ണൂര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. കണ്ണൂര്‍ കൂവേരി സ്വദേശി കെ.വി അനുരാജാണ് തിരുവനന്തപുരം പോത്തന്‍കോട് പൊലീസിന്റെ പിടിയിലായത്. നേരത്തെ പോക്സോ കേസുകളില്‍ പ്രതിയാണ് ഇയാള്‍. സുഹൃത്തുക്കളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് ഇയാള്‍ പ്രണയം നടിച്ച് വീട്ടിലെത്തി പീഡിപ്പിച്ചത്.

വിദ്യാര്‍ഥിനികളുടെ നഗ്നദൃശ്യങ്ങളും പകര്‍ത്തി. ആദ്യം ഒരു വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. പിന്നീട് ഈ വിദ്യാര്‍ഥിനിയുടെ കൂട്ടുകാരിയുമായും പരിചയത്തിലായി. പോത്തന്‍കോട് എത്തിയ ഇയാള്‍ വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. ശേഷം രാത്രി 12 മണിയോടെ വീട്ടുകാര്‍ ഉറങ്ങിയപ്പോഴാണ് പ്രതി സ്ഥലം വിട്ടത്. സംഭവത്തിന് പിന്നാലെ രണ്ട് കുട്ടികളുടെയും ഇന്‍സ്റ്റഗ്രാം ഐഡി ഇയാള്‍ ബ്ലോക്ക് ചെയ്തിരുന്നു. പ്രതി പ്രണയം നടിച്ച് മറ്റൊരു പെണ്‍കുട്ടിയുമായി അടപ്പത്തിലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ആദ്യത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് രണ്ടാമത്തെ കുട്ടിയുടെ വിവരവും പുറത്തിറഞ്ഞത്. പ്രതിക്കെതിരെ രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂരിലെത്തിയാണ് പോത്തന്‍കോട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ തളിപ്പറമ്പ് സ്റ്റേഷനില്‍ നേരത്തെ രണ്ട് പോക്‌സോ കേസുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button