ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നു പോയോ ? പുതിയ മാറ്റങ്ങൾ അറിഞ്ഞ് വെച്ചോളൂ
നിങ്ങൾ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നോ ? പേടിക്കേണ്ട. പ്രധാനപ്പെട്ട രണ്ട് മോട്ടർ വാഹന ഭേദഗതികളാണ് ഈമാസം 15 മുതൽ പ്രാബല്യത്തിൽ വരാൻ പോകുന്നത്. കേന്ദ്ര സർക്കാരിന്റെ ജൻവിശ്വസ് ആക്‌ടിന്റെ ഭാഗമായാണ് ലൈസൻസ് പുതുക്കുന്നവർക്ക് അനുകൂലമായ പുതിയ നടപടികൾ എത്തുന്നത്.
മുൻപ് ഉണ്ടായിരുന്നതും 2019 ലെ നിയമഭേദഗതിയിൽ ഒഴിവാക്കിയതുമായ ഗ്രേസ് പിരീഡ് പുനസ്ഥാപിക്കുകയാണ്. ലൈസൻസിന്റെ കാലാവധി കഴിഞ്ഞാലും 30 ദിവസത്തേക്ക് കൂടി അതിന് സാധുതയുണ്ടായിരിക്കും. ഈ സമയത്തിനുള്ളിൽ പിഴയോ മറ്റു നിയമനടപടികളോ ഇല്ലാതെ ഡ്രൈവർമാർക്ക് ലൈസൻസ് പുതുക്കാൻ കഴിയും.
1988 ലെ മോട്ടർ വെഹിക്കിൾ ആക്ട് പ്രകാരം ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാൽ 30 ദിവസം ഗ്രേസ് പിരീഡ് എന്ന സംവിധാനം നൽകിയിരുന്നു. എന്നാൽ 2019 ലെ ഭേദഗതിയോടെ ആണ് ഇത് മാറ്റിയത്. അതുകൊണ്ട് തന്നെ ലൈസൻസ് കാലാവധി കഴിഞ്ഞാൽ പിറ്റേ ദിവസം മുതൽ ലൈസൻസിന് സാധുത ഇല്ലാതിരുന്നത് മുൻകൂട്ടി പുതുക്കാൻ മറന്നുപോയ പലർക്കും ബുദ്ധിമുട്ടായിരുന്നു.
നിലവിൽ ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപു വരെ ഫീസ് അടച്ച് പുതുക്കാം. എങ്കിലും പുതുക്കിയ തീയതി മുതലാണ് പ്രാബല്യത്തിൽ വരുന്നത്. അതിനാൽ മുൻകൂട്ടി പുതുക്കുന്നവർക്ക് അത്രയും കാലയളവ് നഷ്ടമാകുന്ന അവസ്ഥയുണ്ടായിരുന്നു. ഇത് ഒഴിവാക്കുന്നതിന് ലൈസൻസ് കാലാവധി തീരുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഓഗസ്റ്റ് 15 മുതൽ നടപ്പിലാകും. അതുകൊണ്ട് തന്നെ മുൻകൂട്ടി ലൈസൻസ് പുതുക്കുന്നവർക്ക് ഇത് കൂടുതൽ പ്രോത്സാഹനമാകും.





