കണ്ണീരണിഞ്ഞ് അർജന്റീന; അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞ് ലയണൽ മെസ്സി
ബ്യൂണസ് ഐറിസ്: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സമാനതകളില്ലാത്ത ഫുട്ബോൾ യുഗത്തിന് വികാരനിർഭരമായ വിരാമം. അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് അർജന്റീനയുടെ ഇതിഹാസ നായകൻ ലയണൽ മെസ്സി പടിയിറങ്ങി. സ്വന്തം തട്ടകമായ എസ്റ്റാഡിയോ മോണുമെന്റലിൽ ബെനിനെതിരേ നടന്ന സൗഹൃദ മത്സരത്തിൽ ഗോളും അസിസ്റ്റുകളുമായി മെസ്സി വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കി. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് മത്സരത്തിൽ അർജന്റീന വിജയിച്ചത്.‘ദി ലാസ്റ്റ് ടാംഗോ’ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ 85,000-ത്തോളം വരുന്ന ആരാധകരെ സാക്ഷിയാക്കിയായിരുന്നു ഇതിഹാസത്തിന്റെ വിടവാങ്ങൽ. തന്റെ 208-ാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ മെസ്സി, 71-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് രാജ്യത്തിനായുള്ള തന്റെ 126-ാം ഗോളും കുറിച്ചു. നികോളാസ് ഒട്ടമെൻഡി, നിക്കോ പാസ് എന്നിവർ നേടിയ മറ്റ് രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് മെസ്സിയായിരുന്നു.മത്സരഫലത്തേക്കാളുപരി വികാരസാന്ദ്രമായ നിമിഷങ്ങൾക്കാണ് മോണുമെന്റൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സ്റ്റേഡിയത്തിലേക്കുള്ള യാത്രാമധ്യേ ആരാധകരുടെ സ്നേഹപ്രകടനങ്ങൾ കണ്ട് ബസ്സിലിരുന്ന് കണ്ണീരണിഞ്ഞ മെസ്സി, തന്റെ മൂന്ന് മക്കൾക്കൊപ്പമാണ് കളിക്കളത്തിലേക്ക് എത്തിയത്. ഭാര്യ അന്റോണെല്ല റൊക്കൂസോയും അമ്മ സെലിയ കുച്ചിറ്റിനിയും ഗാലറിയിലെ വിഐപി ബോക്സിലുണ്ടായിരുന്നു.മെസ്സിയുടെ പത്താം നമ്പർ ജേഴ്സിയോടുള്ള ആദരസൂചകമായി കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവെച്ച് കാണികളും ഇരു ടീമുകളിലെ താരങ്ങളും ചേർന്ന് ഇതിഹാസത്തിന് ഒരു മിനിറ്റ് നീണ്ട ആദരമർപ്പിച്ചു. ദേശീയഗാനം ആലപിച്ച വേളയിലും മെസ്സിയും പരിശീലകൻ ലയണൽ സ്കലോണിയും വിതുമ്പി. മത്സരത്തിന് മുന്നോടിയായി ബ്യൂണസ് ഐറിസ് സർവകലാശാല മെസ്സിക്ക് ഹോണററി ഡോക്ടറേറ്റും സമ്മാനിച്ചിരുന്നു. മത്സരം അവസാനിച്ചതോടെ ആകാശത്ത് ഡ്രോൺ ഷോയിലൂടെ മെസ്സിയുടെ ചിത്രങ്ങളും നേട്ടങ്ങളും തെളിഞ്ഞു.2022-ൽ ഖത്തറിൽ അർജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച് ഡീഗോ മറഡോണയുടെ പിൻഗാമിയായി മാറിയ മെസ്സി, രാജ്യത്തിനായി രണ്ട് കോപ അമേരിക്ക കിരീടങ്ങളും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചെങ്കിലും യുഎസ് ക്ലബ്ബായ ഇന്റർ മയാമിയിൽ മെസ്സി കളി തുടരും. 2028 വരെയാണ് ക്ലബ്ബുമായി താരത്തിന് കരാറുള്ളത്.അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും സ്വന്തം പേരിൽ ചേർത്തുവെച്ചാണ് ലിയോ അന്താരാഷ്ട്ര വേദിയോട് വിടപറഞ്ഞത്.





