CrimeKerala

കടയിലുണ്ടായ തർക്കം വീട്ടിലെത്തി, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വെട്ടി; വാരനാട് വീട്ടമ്മയടക്കം 6 പേർക്ക് പരിക്ക്

ആലപ്പുഴ: മുൻ വൈരാഗ്യത്തിന്‍റെ പേരിൽ ആലപ്പുഴ വാരനാട് വീടുകയറി ആക്രമണം. വീട്ടമ്മയ്ക്കും, ആക്രമിക്കാനെത്തിയ യുവാക്കൾക്കുമടക്കം ആറ് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വാരനാട് സ്വദേശിയായ 65 കാരി ആനന്ദവല്ലി, മക്കളായ സുധിരാജ്, ആനന്ദരാജ്, അജയ് രാജ് എന്നിവർക്കാണ് വെട്ടേറ്റത്. ഇരു ചക്രവാഹനത്തിലെത്തിയ ആക്രമികള്‍ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അജയ് രാജിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോഴാണ് അമ്മ ആനന്ദവല്ലിയെയും മറ്റ് രണ്ട് മക്കളെയും ആക്രമിച്ചത്. തുടർന്നുണ്ടായ ആക്രമണത്തിലാണ് അക്രമി സംഘത്തിലുണ്ടായിരുന്ന അനീഷ്, അഭിമന്യു എന്നിവർക്ക് പരിക്കേറ്റത്. അഭിമന്യുവിനെയും മറ്റൊരാളെയും സുധിരാജും ആനന്ദരാജും ചേർന്ന് വീട്ടിൽ പൂട്ടിയിട്ടു. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ ചേർത്തലയിലെ ഒരു കടയിൽ വച്ച് സുധിരാജും ആഭിമന്യുവും തമ്മിൽ തല്ലിയിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് വൈകിട്ട് വീട്ടിലെത്തി വെട്ടി തീർത്തത്. പല കേസുകളിൽ പ്രതികളുമാണ് ഇരുവരുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇരു കൂട്ടർക്കമെതിരെ ചേർത്തല പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button