നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു
DISTRICT NEWS DISTRICT NEWS DISTRICT NEWS
കൊച്ചി: പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി സിപി ജോണുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ബസുടമകളുടെ ആറ് സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമര സമിതിയായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്. എല്ലാ സംഘടനകളും സമരത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രൈവറ്റ് ബസുകള്‍ സർക്കാർ ലീസിൽ എടുക്കുന്നതും ബസുകളുടെ ടൈമിങ് കാലോചിതമായി പരിഷ്കരിക്കുന്നതും കെഎസ്ആര്‍ടിസിയുമായുള്ള ഓവർലാപ്പിങ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുന്നതുമടക്കമുള്ള ആവശ്യങ്ങളാണ് അംഗീകരിച്ചത്. അതേസമയം ബസ് ചാർജ് കൂട്ടുന്ന കാര്യത്തിലും കൺസഷൻ തുക കൂട്ടുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും കടക്കെണിയിലേക്ക് നീങ്ങുകയാണെന്നുമാണ് ബസുടമകളുടെ ആരോപണം. സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് സമരസമിതിയുടെ പ്രധാന ആവശ്യം. സമരത്തിന്റെ കാര്യം ഒക്ടോബര്‍ 16ന് സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് ബസുടമകള്‍ പണിമുടക്കിലേക്ക് നീങ്ങിയത്.നാലരവര്‍ഷം മുന്‍പാണ് യാത്രാനിരക്ക് വര്‍ധിപ്പിച്ചതെന്നും ബസ് ഉടമകള്‍ പറഞ്ഞു. മിനിമം ചാര്‍ജ് 15 രൂപയും വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. സെപ്റ്റംബര്‍ രണ്ടിന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമ്മീഷന് സ്വകാര്യ ബസ് മേഖലയുടെ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശങ്ങള്‍ വച്ചിരുന്നു. എന്നാല്‍, ആ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും ബസുടമകള്‍ ആരോപിച്ചിരുന്നു





