പൂച്ച ഓടിച്ച ചേനത്തണ്ടൻ രക്ഷതേടിയത് വീടിനുള്ളിൽ, സംഭവമറിയാതെ എണീറ്റ 58കാരിക്ക് ദാരുണാന്ത്യം
കോയമ്പത്തൂർ: പൂച്ച ഓടിച്ച പാമ്പ് കയറിയത് വീടിനകത്തേയ്ക്ക്, പാമ്പുകടിയേറ്റ് 58കാരിക്ക് ദാരുണാന്ത്യം. പൊള്ളാച്ചിക്ക് സമീപത്തെ കോട്ടൂർ റോഡിലുള്ള നെഹ്റു നഗറിൽ താമസിച്ചിരുന്ന വീട്ടമ്മയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആർ ശാന്തി എന്ന 58കാരിയാണ് അണലിയുടെ കടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ശാന്തിയുടെ വളർത്തുപൂച്ച വീട്ടുപരിസരത്ത് പാമ്പിനെ കാണുന്നത്. പാമ്പിനെ ആക്രമിക്കാൻ പൂച്ച ശ്രമിച്ചതോടെ അണലി വീട്ടിനകത്തേക്ക് കയറുകയായിരുന്നു. വാതിലിന് താഴെയുണ്ടായിരുന്ന ചെറിയ ദ്വാരത്തിലൂടെയാണ് പാമ്പ് വീട്ടിനകത്തേക്ക് കയറിയത്. വീട്ടിൽ പാമ്പ് കയറിയത് അറിയാതെ രാവിലെ എഴുന്നേറ്റ ശാന്തി പാമ്പിനെ ചവിട്ടിയതിന് പിന്നാലെ കടിയേൽക്കുകയായിരുന്നു. കണങ്കാലിന് പാമ്പു കടിയേറ്റ ശാന്തിയെ മകൻ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന്റി ഡോട്ട് നൽകിയ ശേഷം ശാന്തിയെ കോയമ്പത്തൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പൊള്ളാച്ചി ആശുപത്രിയിലെ ഡോക്ടർമാർ റഫർ ചെയ്യുകയായിരുന്നു. എന്നാൽ ശാന്തിയുടെ നില മോശമായതോടെ മകൻ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലേക്കുള്ള മാർഗമധ്യേ ഇവർ മരിക്കുകയായിരുന്നു. മനുഷ്യവാസ മേഖലയിൽ സ്ഥിരമായി കാണപ്പെടുന്ന അണലി പാമ്പുകൾ രാജ്യത്ത് ഏറ്റവും കൂടുതൽ പാമ്പ് കടി മരണങ്ങൾക്ക് കാരണമാകുന്ന ഒരു വിഷപാമ്പാണ്. രക്തപര്യയന വ്യവസ്ഥയെ ആണ് അണലിയുടെ വിഷം ബാധിക്കുന്നത്. സാധാരണ നിലയിൽ രാത്രികാലത്ത് ഇരതേടാറുള്ള ഇവ തണുപ്പ് കാലങ്ങളിൽ പകലും പുറത്തിറങ്ങാറുണ്ട്.