തിരുനല്‍വേലിയില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് വധശിക്ഷ
തിരുനെൽവേലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 47കാരനായ പാസ്റ്റർക്ക് വധശിക്ഷ വിധിച്ച് തിരുനെൽവേലി പോക്സോ സ്പെഷ്യൽ കോടതി. തിരുനെൽവേലി സ്വദേശിയായ എബ്രഹാം എന്ന പാസ്റ്റർക്കാണ് കോടതി ശിക്ഷ വിധിച്ചത്. 52,000 രൂപ പിഴയും ചുമത്തി.2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടയാൾ തന്നെ അവരെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കുട്ടികളുടെ പരാതിയെ തുടർന്ന് 2022 ജൂലൈ 5നാണ് തിരുനെൽവേലി റൂറൽ വനിതാ പൊലീസ് കേസെടുത്തത്. പിന്നാലെ എബ്രഹാം അറസ്റ്റിലാകുകയും ചെയ്തു. ജില്ലയിലെ തേവർകുളത്തിനടുത്തുള്ള മേല ഇളന്തൈകുളത്ത് പ്രാർത്ഥനാ ഹാൾ നടത്തിവരികയായിരുന്നു ഇദ്ദേഹം. അവധിക്കാലത്ത് മോറല്‍ ക്ലാസുകൾ എടുക്കുന്നതിന്റെ മറവിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്.കേസ് ‘അപൂർവങ്ങളിൽ അപൂർവം’ വിഭാഗത്തിൽപ്പെടുന്നതാണെന്ന് സ്പെഷ്യൽ കോടതി ജഡ്ജി കെ. സുരേഷ് കുമാർ നിരീക്ഷിച്ചു.”പ്രതി ചെയ്ത കുറ്റം അതീവ ഗൗരവമുള്ളതാണ്. മാർഗ്ഗദർശനം നൽകേണ്ട കുഞ്ഞുങ്ങളെയാണ് ഇയാൾ ക്രൂരമായി പീഡിപ്പിച്ചത്. ചെയ്ത തെറ്റിൽ യാതൊരുവിധ പശ്ചാത്താപവും പ്രതി കാട്ടിയിട്ടില്ല,” – ജഡ്ജി പറഞ്ഞു. അതേസമയം ഇരകളായ നാല് പെൺകുട്ടികൾക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. തിരുനെൽവേലി ജില്ലയിൽ ഈ വർഷം മാത്രം പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന 17-ാമത്തെ കേസാണിത്. ഇതിൽ രണ്ട് കേസുകളിലാണ് പ്രതികൾക്ക് വധശിക്ഷ ലഭിച്ചത്.





