പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോർജ് (21) ആണ് മരിച്ചത്.
പഞ്ചാബ് ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ രണ്ടാം വർഷ എംബിഎ വിദ്യാർഥിനിയാണ് ജോസ്ന. ലുധിയാനയ്ക്കടുത്ത് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെടുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന ജോസ്ന അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീഴുകയും ശരീരത്തിലേക്ക് ബസ് മറിയുകയുമായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
അപകടത്തിൽ മറ്റു ചില മലയാളി വിദ്യാർഥികൾക്കും പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് മലയാളി സംഘടനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.





