കൂറ്റന്‍ പെരുമ്പാമ്പുകളെ തോളിലിട്ട് വലിച്ച് കൊണ്ട് പോകുന്ന അച്ഛനും മകളും; കണ്ണ് തള്ളി സോഷ്യല്‍ മീഡിയ
പാമ്പുകളെ ഭയക്കാത്തവർ അപൂർവമായിരിക്കും. വന്യജീവികളിൽ ഏറ്റവും അപകടകാരികളായി കണക്കാക്കുന്ന പാമ്പുകളെക്കുറിച്ചുള്ള പരാമർശം പോലും പലപ്പോഴും നമ്മെ ഭയപ്പെടുത്താറുണ്ട്. എന്നാൽ, സമൂഹ മാധ്യമങ്ങളില്‍ പലപ്പോഴും പാമ്പുകളുമായി ആളുകൾ അടുത്തിടപഴകുന്ന വീഡിയോകൾ പ്രചരിക്കാറുണ്ട്. ഏതാനും ദിവസങ്ങൾ മുമ്പ് അത്തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആരെയും ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു ആ വീഡിയോയിൽ ഉണ്ടായിരുന്നത്. ഒരു സ്ത്രീയും പുരുഷനും ഓരോ കൂറ്റൻ പെരുമ്പാമ്പുകളെ തങ്ങളുടെ തോളത്തെടുത്ത് ഒരു കെട്ടിടത്തിന്‍റെ ഉള്ളിലൂടെ കൊണ്ട് പോകുന്ന വീഡിയോ ആയിരുന്നു അത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സമൂഹ മാധ്യമ ഉപയോക്താക്കളില്‍ പലരും വീഡിയോ കണ്ട് ‘അവിശ്വസനീയം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നായിരുന്നു’ പ്രതികരിച്ചത്.
നാല് ദിവസങ്ങൾക്ക് മുമ്പ് സമൂഹ മധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ദി റെപ്‌റ്റൈൽ സൂ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോയിൽ ഒരു സ്ത്രീയും പുരുഷനുമാണ് ഉള്ളത്. ഇവര്‍ സ്ഥാപനത്തിന്‍റെ സ്ഥാപകനായ ജെയ് ബ്രൂവറും അദ്ദേഹത്തിന്‍റെ മകള്‍ ജൂലിയറ്റുമാണ്. വീഡിയോയിൽ അല്പം പോലും ഭയമില്ലാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ ഇരുവരും ഓരോ കൂറ്റൻ പെരുമ്പാമ്പുകളെ തങ്ങളുടെ തോളിൽ വഹിക്കുന്ന ദൃശ്യങ്ങളാണുള്ളത്.
വീഡിയോ പങ്കുവച്ച് കൊണ്ട് ജൂലിയറ്റ് ഇങ്ങനെ എഴുതി,’ഞങ്ങൾ എല്ലാം കുടുംബമാണ്. പക്ഷേ ഞങ്ങൾ പലപ്പോഴും തലകുനിക്കുന്നു, പക്ഷേ അതിനർത്ഥം ഞങ്ങൾ പരസ്പരം ഒട്ടും ശ്രദ്ധിക്കുന്നില്ല എന്നല്ല. ഒഴികഴിവുകൾ പോലുള്ള കാര്യങ്ങളൊന്നുമില്ലെന്ന് കാണിച്ചതിന് നന്ദി അച്ഛാ. നിങ്ങൾ ഇല്ലാതെ ഞാൻ ഇന്ന് ഈ അവസ്ഥയിലാകില്ല, ഞാൻ ഒരിക്കലും ഒരു കാര്യവും മാറ്റില്ല ‘ തങ്ങളുടെ ദിനചര്യയുടെ ഭാഗമായാണ് അവർ ഈ പ്രവർത്തിയെ വിശേഷിപ്പിക്കുന്നത്. പാമ്പ് പ്രേമികളെയും സാധാരണ കാഴ്ചക്കാരെയും ഒരുപോലെ ഞെട്ടിച്ച ഈ ദൃശ്യങ്ങൾ ഇതുവരെ ഒമ്പത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. വീഡിയോയിൽ, പെരുമ്പാമ്പുകളുടെ വലിപ്പം അതിശയിപ്പിക്കുന്നതാണ്. പാമ്പുകളുടെ തലഭാഗം തങ്ങളുടെ തോളത്തിട്ട് ഇരുവരും നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. പാമ്പുകളെ കൈകാര്യം ചെയ്യുന്ന മൃഗശാലക്കാരുടെ ശാന്തമായ പെരുമാറ്റം കാഴ്ചക്കാർക്കിടയിൽ ആരാധനയും അമ്പരപ്പും ഉണ്ടാക്കി.