ഹാരി കെയ്‌ന്റെ ഇരട്ടഗോൾ മികവിൽ ഇംഗ്ലണ്ടിന് ക്രൊയേഷ്യക്കെതിരെ തകർപ്പൻ ജയം
ഡാലസ്: ലോകകപ്പിൽ ആദ്യ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. നായകൻ ഹാരി കെയന്റെ ഇരട്ടഗോളിന്റെ മികവിൽ 4-2 എന്ന സ്കോറിനാണ് ഇംഗ്ലണ്ടിന്റെ ജയം. ബില്ലിങ്‌ഹാമും റാഷ്‌ഫോർഡുമാണ് ഇംഗ്ലണ്ടിന്റെ മറ്റ് ഗോളുകൾ സ്കോർ ചെയ്തത്. മാർട്ടിൻ ബട്ടുറീന, പെറ്റാർ മൂസ എന്നിവരാണ് ക്രൊയേഷ്യക്കായി ഗോൾ സ്കോർ ചെയ്തത്. മത്സരത്തിൽ നേടിയ രണ്ട് ഗോളുകളോടെ ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ എക്കാലത്തെയും ടോപ് സ്‌കോറർ റെക്കോർഡിനൊപ്പമെത്തി ഹാരി കെയ്ൻ.ഡാലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയത് ഇംഗ്ലണ്ടായിരുന്നു. അതിന്റെ ഫലമായി 12ാം മിനിറ്റിൽ ഇംഗ്ലണ്ടിന് അനുകൂലമായി പെനാൽറ്റി ലഭിക്കുകയും ചെയ്തു. എന്നാൽ ഹാരി കേയനെടുത്ത പെനാൽറ്റി ആദ്യം ക്രൊയേഷ്യൻ കീപ്പർ ലീവാക്കോവിച്ച് സേവ് ചെയ്യുകയായിരുന്നു. എന്നാൽ പിന്നാലെ വാർ പരിശോധനക്ക് ശേഷം റഫറി റീടേക്ക് എടുക്കാൻ വിധിച്ചു. രണ്ടാം തവണ പിഴച്ചില്ല. സുന്ദരമായ ഫിനിഷിലൂടെ കെയ്ൻ ഇംഗ്ലണ്ടിന് ലീഡ് നൽകി. തുടർന്നും ഇംഗ്ലണ്ട് ആക്രമിച്ച് കളിച്ചെങ്കിലും ഗതിക്ക് വിപരീതമായി ക്രൊയേഷ്യ സമനില ഗോൾ കണ്ടെത്തി. ബോക്‌സിന് പുറത്തുനിന്ന് മാർട്ടിൻ ബട്ടുറീനയുടെ (36) ഷോട്ട് ഇംഗ്ലണ്ട് കീപ്പർ പിക്ക്‌ഫോർഡിന്റെ കയ്യിൽ തട്ടി പോസ്റ്റിലേക്ക് കയറി. മിനിറ്റുകൾക്കകം ഡെക്ലൻ റൈസെടുത്ത കോർണർകിക്ക് വലയിലെത്തിച്ച് ഹാരി കെയ്ൻ (42) വീണ്ടും ഇംഗ്ലീഷ് പടക്ക് ലീഡുനൽകിയെങ്കിലും അതിനുള്ള മറുപടിയും ക്രൊയേഷ്യ കണ്ടെത്തി. പെറ്റാർ മൂസ (45+5) ഫിനിഷ് ചെയ്ത മികച്ച ടീം ഗോളിലൂടെയാണ് വീണ്ടും ഒപ്പമെത്തിയത്. ഹാഫ് ടൈമിന് പിരിയുമ്പോൾ 2-2 എന്ന നിലയിലായിരുന്നു മത്സരം. രണ്ടാം പകുതിയിൽ പക്ഷെ ഇംഗ്ലണ്ട് പൂർണ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കണ്ടത്. 47ാം മിനിറ്റിൽ എലിയറ്റ് ആൻഡേഴ്‌സൺ നീട്ടിനൽകിയ പന്ത് ഓടിയെടുത്ത് ഫിനിഷ്ക് ചെയ്ത് ബെല്ലിങ്ങ്ഹാം ഇംഗ്ലണ്ടിന് മത്സരത്തിൽ മൂന്നാം തവണയും ലീഡുനൽകി. തുടർന്ന് 85ാം മിനിറ്റിൽ മാർക്കസ് റാഷ്‌ഫോർഡ് നാലാം ഗോളും കണ്ടത്തിയതോടെ ഇംഗ്ലണ്ട് ജയമുറപ്പിച്ചു.ജൂൺ 24ന് ഘാനക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. പനാമയാണ് ഘാനയുടെ അടുത്ത എതിരാളി.





