ഓണപ്പരീക്ഷകൾക്ക് മാറ്റമില്ല; ഹൈസ്കൂളിൽ പുതിയ ടൈംടേബിൾ

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ നേരത്തേ തീരുമാനിച്ച പ്രകാരം ഈ മാസം 13ന് തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ പരീക്ഷ മാറ്റിവെക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു. ആഗസ്റ്റ് 31 വരെ തീർക്കേണ്ടിയിരുന്ന പാഠഭാഗങ്ങൾ ക്ലാസുകൾ മുടങ്ങിയതിനാൽ പഠിപ്പിച്ചുതീർക്കാൻ സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാൻ ആഗസ്റ്റ് 10 വരെയുള്ള പാഠഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി ചോദ്യപേപ്പർ ക്രമീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.വിദ്യാഭ്യാസ ഗുണനിലവാര മേൽനോട്ടസമിതി യോഗമാണ് പരീക്ഷകൾ മാറ്റിവെക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. പരീക്ഷകൾ മാറ്റിയാൽ അത് രണ്ടാംപാദത്തിലെ അധ്യയനത്തെയും കലാ-കായിക-പ്രവൃത്തിപരിചയ മേളകൾ ഉൾപ്പെടെയുള്ള മറ്റു പരിപാടികളെയും പ്രതികൂലമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി. ഓണത്തിന് ശേഷം പരീക്ഷകൾ നടത്തിയാൽ അത് കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കും. അതേസമയം, പരീക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകൾ ഒരേദിവസം വരുന്നത് ഒഴിവാക്കാൻ ഹൈസ്കൂൾ വിഭാഗത്തിന്റെ ടൈംടേബിൾ പരിഷ്‍കരിച്ചു. എട്ടാം ക്ലാസിനു മാത്രം 21ന് രാവിലെ പ്രത്യേക പരീക്ഷ ഉണ്ടാകും. ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകളിൽ യാതൊരു മാറ്റവുമില്ല. വരും ദിവസങ്ങളിൽ പരീക്ഷകൾ കൃത്യസമയത്ത് നടത്തി ആഗസ്റ്റ് 21ന് തന്നെ വിദ്യാലയങ്ങളിൽ ഓണാഘോഷം സംഘടിപ്പിച്ച് സ്കൂളുകൾ അടക്കാനാണ് അധികൃതരുടെ തീരുമാനം. എൽ.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ 14നാണ് ആരംഭിക്കുക. രാവിലെ 10 മുതലാണ് പരീക്ഷ. രാവിലെയും ഉച്ചക്കുമാണ് പരീക്ഷ നടത്തുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മണിക്കും മറ്റുള്ള ദിവസങ്ങളില്‍ ഉച്ചക്ക് 1.30നും പരീക്ഷ തുടങ്ങും.എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും. 21ന് പ്രവൃത്തി ദിവസമായിരിക്കും. പരീക്ഷക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍, ആ ദിവസത്തെ പരീക്ഷ 21ന് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button