‘വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ല’; പൊലീസിൻ്റെ റിപ്പോര്‍ട്ട് തള്ളി പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയെന്ന പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി ഭരണസമിതി. നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാരിന് കത്ത് നല്‍കുമെന്നും ഭരണസമിതി അറിയിച്ചു. പൊലീസ് നഷ്ടപ്പെട്ടുവെന്നു പറയുന്ന വൈര നാമയും വിളക്കും ക്ഷേത്രത്തിനുള്ളില്‍ തന്നെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നുവെന്ന കാര്യം നേരിട്ട് കണ്ട് ബോധ്യപ്പെട്ടെന്ന് ഭരണസമിതി പറയുന്നു. ബന്ധപ്പെട്ട അധികാരികളെയോ ഭരണസമിതിയെയോ സമീപിക്കാതെയും വ്യക്തമായ അന്വേഷണം നടത്താതെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഭരണസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയാണ് ഇന്ന് യോഗം ചേര്‍ന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതാകുന്നുവെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്. ശ്രീകോവിലിനുള്ളിലെ വജ്രാഭരണമായ വൈര നാമ കാണാനില്ലെന്നും ഭക്തര്‍ നല്‍കിയ സ്വര്‍ണത്തില്‍ 78 ഗ്രാം നഷ്ടമായെന്നും സ്വര്‍ണവിളക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയിട്ട് തിരികെ വന്നില്ലെന്നും ഡിജിപി ആഭ്യന്തരവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. നിലവറകള്‍ക്ക് പുറത്ത് സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അടിയന്തരമായി ഒരു സെന്‍ട്രലൈസ്ഡ് സ്‌ട്രോങ് റൂമിലേക്ക് മാറ്റണം. ഭക്തരില്‍ നിന്ന് ലഭിക്കുന്ന സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വഴിപാടുകളും കൃത്യമായി രേഖപ്പെടുത്തുകയും, കര്‍ശന പൊലീസ് നിരീക്ഷണമുള്ള പ്രത്യേക ലോക്കറുകളില്‍ സൂക്ഷിക്കുകയും വേണം. ഏറ്റവും പ്രധാനമായി, സുരക്ഷാ പരിശോധനകള്‍ മറികടക്കുന്നതിനോട് യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും, വ്യക്തികളുടെ പദവിയോ ബന്ധങ്ങളോ നോക്കാതെ എല്ലാവരും നിര്‍ബന്ധിത സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകണമെന്നും റിപ്പോര്‍ട്ടില്‍ കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടാണ് ക്ഷേത്രം ഭരണസമിതി തള്ളിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button