പന്ത് ക്യാമറ കേബിളിൽ തട്ടി?’ വിവാദമായി നോർവേക്കെതിരെ ഇംഗ്ലണ്ട് നേടിയ ഗോൾ

മയാമി: ഇംഗ്ലണ്ട് – നോർവേ മത്സരത്തിൽ ബില്ലിങ്‌ഹാം നേടിയ ആദ്യ ഗോളാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്. ഗോളിന് തൊട്ട് മുമ്പ് നോർവേ ഗോൾ കീപ്പർ നീലാൻഡ് എടുത്ത ലോങ്ങ് കിക്ക് വായുവിൽ വെച്ച് ക്യാമറ കേബിളിൽ തട്ടി ദിശ മാറിയതായി തോന്നിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. ദിശ മാറിയ പന്ത് നേരെ വന്ന് പതിച്ചത് എലിയറ്റ് ആൻഡേഴ്‌സന്റെ കാലിലേക്കാണ്. പന്ത് കൈവശമാക്കിയ ശേഷം ആൻഡേഴ്‌സൺ ഗോർഡനിലേക്ക് പാസ് നീട്ടുന്നു. തുടർന്ന് ഗോർഡൻ നൽകിയ പാസാണ് ബില്ലിങ്‌ഹാം ഗോളാക്കി മാറ്റിയത്. പന്ത് ഗതി മാറിയതാണ് അവിടെ ഗോളാകാൻ കാരണമെന്നാണ് നോർവേയുടെ വാദം. എന്നാൽ ഗോൾ തികച്ചും നിയമാനുസൃതമായാണ് അനുവദിച്ചതെന്നാണ് ഫിഫയുടെ വിശദീകരണം. വിഡീയോ ദൃശ്യങ്ങൾ സഹിതമാണ് ഫിഫ അവരുടെ വിശദീകരണം പുറത്തുവിട്ടത്.കളിയിലെ അത്യാധുനിക ‘കണക്റ്റഡ് ബോൾ ടെക്നോളജി’ പരിശോധിച്ചതിൽ പന്ത് വയറിലോ മറ്റ് വസ്തുക്കളിലോ തട്ടിയതായി യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഫിഫ വ്യക്തമാക്കി. വിഡീയോ പ്രകാരം പന്തിലെ സെൻസറിൽ ഒരു തരത്തിലുള്ള ടച്ചും കാണുന്നുമില്ല. എന്നിരുന്നാലും മറ്റ് ചില വിഡിയോ ദൃശ്യങ്ങളിൽ കൃത്യമായി പന്ത് ഗതി മാറിയത് കാണാം. എന്തായാലും അങ്ങനെയൊന്നും നടന്നിട്ടില്ലായെന്ന് തെളിവ് സഹിതം ഫിഫ വിശദീകരണമിറക്കിയിട്ടുണ്ട്. മത്സരത്തിൽ പിന്നീട് അധികസമയത്ത് ബില്ലിങ്‌ഹാം തന്നെ നേടിയ മറ്റൊരു ഗോളിൽ ഇംഗ്ലണ്ട് 2-1 ന് നോർവേയെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. സാങ്കേതികവിദ്യയുടെ കൃത്യത ഫിഫ ഉറപ്പുനൽകുന്നുണ്ടെങ്കിലും, നോർവേ ക്യാമ്പിൽ മത്സരഫലത്തെച്ചൊല്ലിയുള്ള നിരാശ ഇപ്പോഴും ശക്തമാണ്. മത്സരശേഷം നോർവേ പരിശീലകൻ സോൾബാക്കാൻ പറഞ്ഞതിങ്ങനെ ‘ആകാശത്ത് നിന്ന് പന്ത് നേരെ താഴേക്ക് വീണത് പോലെ തോന്നി പന്തിന്റെ ഗതി മാറിയിട്ടുണ്ട്. അത് ഞങ്ങളുടെ കളക്കാർക്കിടയിൽ തെറ്റിധാരണയുണ്ടാക്കി, പക്ഷെ വളരെ മോശം അവസ്ഥയിലാണ് അത് സംഭവിച്ചത്’. എന്നാൽ അതിനെ കുറിച്ച് ഇനിയൊന്നും ചെയ്യാൻ സാധിക്കില്ലായെന്നും ഇത് വെച്ച് മുന്നോട്ടുപോകണമെന്നും നോർവേ പരിശീലകൻ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button