വെറും 7 മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തും; ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ യാത്ര!
നാഗ്പൂര്‍: ട്രെയിൻ യാത്രകൾ എപ്പോഴും മനോഹരങ്ങളാണ്. എന്നാൽ ട്രെയിൻ ലേറ്റാകുന്നതുകൊണ്ടോ എവിടെയെങ്കിലും പിടിച്ചിടുന്നതുകൊണ്ടോ യാത്രകൾ മടുപ്പിക്കാറുണ്ട്. മണിക്കൂറുകളും ദിവസങ്ങളുമെടുക്കുന്ന യാത്രകളുമുമുണ്ട്. എന്നാൽ വെറും 7 മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുന്ന ഒരു ട്രെയിൻ റൂട്ടുണ്ട് ഇന്ത്യയിൽ. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് അജ്നിയിലേക്ക് പോകുന്ന റൂട്ടാണിത്. യാത്രയ്ക്ക് ഏകദേശം 7 മുതൽ 9 മിനിറ്റ് വരെ മാത്രമേ എടുക്കൂ. ഇത് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഷെഡ്യൂൾ ചെയ്ത ട്രെയിൻ യാത്രയാണ്. മഹാരാഷ്ട്രയിലെ നാഗ്പൂർ ജങ്ഷൻ (NGP), അജ്‌നി (AJNI) എന്നീ രണ്ട് റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതാണ് ഈ പാത. വെറും 3 കിലോമീറ്ററാണ് ഈ സ്റ്റേഷനുകൾ തമ്മിലുള്ള ദൂരം.1853-ൽ ബോറി ബന്ദറിനും (മുംബൈ) താനെക്കും ഇടയിൽ ഓടിയ ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചർ ട്രെയിൻ 34 കിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്. എന്നാൽ അതിന്റെ പത്തിലൊന്നിൽ താഴെ മാത്രം ദൂരമാണ് (3 കി.മീ) നാഗ്പൂർ – അജ്‌നി റൂട്ടിലുള്ളത്.വെറുമൊരു കൗതുകത്തിന് വേണ്ടിയല്ല ഈ വഴിയുള്ള ഗതാഗതം. നിരവധി ആളുകൾ ദൈനംദിന യാത്രക്കായി ഈ പാത ഉപയോഗിക്കുന്നു. മഹാരാഷ്ട്രയിലെ ഒരു പ്രധാന നഗരമാണ് നാഗ്പൂർ. ജോലി, വിദ്യാഭ്യാസം, മറ്റ് ആവശ്യങ്ങൾ എന്നിവക്കായി നിരവധി പേര്‍ നഗരത്തിലേക്ക് യാത്ര ചെയ്യുന്നു. നാഗ്പൂർ ജംഗ്ഷനും അജ്നിക്കും ഇടയിലുള്ള ഹ്രസ്വ ട്രെയിൻ കണക്ഷൻ പടിഞ്ഞാറോട്ടും തെക്ക്-പടിഞ്ഞാറോട്ടും സഞ്ചരിക്കുന്ന ആളുകൾക്ക് ഉപയോഗപ്രദമാണ്.വെറും 3 കിലോമീറ്ററേ ഉള്ളുവെങ്കിലും വ്യത്യസ്ത ക്ലാസുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ജനറൽ-60 രൂപ, സ്ലീപ്പർ: 145 രൂപ മുതൽ 175 രൂപ വരെ, എസി 3-ടയർ- 555 രൂപ,എസി 2-ടയർ- 760 രൂപ, എസി വൺ-ടയർ- 1,255 രൂപ എന്നിങ്ങനെയാണ് നിരക്ക്.റോഡ് മാർഗം മിനിറ്റുകൾ കൊണ്ട് യാത്ര ചെയ്യാവുന്ന ഈ ചുരുങ്ങിയ ദൂരത്തിൽ ആളുകൾ ട്രെയിൻ ആശ്രയിക്കുന്നതിന് പിന്നിൽ ചില പ്രായോഗിക കാരണങ്ങളുണ്ട്. നാഗ്പൂർ നഗരത്തിന്റെ പടിഞ്ഞാറൻ, തെക്കൻ പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് തിരക്കേറിയ നാഗ്പൂർ മെയിൻ സ്റ്റേഷനിൽ ഇറങ്ങുന്നതിനേക്കാൾ അജ്‌നി സ്റ്റേഷനിൽ ഇറങ്ങി യാത്ര ചെയ്യുന്നത് എളുപ്പമാണ്.നഗരത്തിലെ റോഡ് ട്രാഫിക്കും സിഗ്നലുകളും ഒഴിവാക്കി വേഗത്തിൽ ഈ രണ്ട് ഭാഗങ്ങൾക്കിടയിൽ എത്താൻ 7 മുതൽ 9 മിനിറ്റ് വരെ മാത്രം എടുക്കുന്ന ഈ ട്രെയിൻ യാത്ര സഹായിക്കുന്നു.നാഗ്പൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളിലെ ഭൂരിഭാഗം യാത്രക്കാരും തൊട്ടടുത്തുള്ള അജ്‌നിയിൽ ഇറങ്ങാൻ മുൻഗണന നൽകുന്നു. അതുപോലെ അജ്‌നിയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രധാന സ്റ്റേഷനിലേക്ക് എത്താനുള്ള എളുപ്പവഴിയായും ഇത് മാറുന്നു.





