കൊട്ടാരക്കരയില്‍ ദാരുണ ദുരന്തം; ബസ് കാത്തുനിന്ന കുട്ടികള്‍ക്കുമേല്‍ ടിപ്പര്‍ മറിഞ്ഞ് മൂന്ന് മരണം
കൊല്ലം: കൊട്ടാരക്കരയിലെ നീലേശ്വരത്ത് ഉണ്ടായ ഭീകര റോഡപകടം പ്രദേശത്തെ നടുക്കി. ബസ് സ്റ്റോപ്പില്‍ കാത്തുനിന്നവര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറി പാഞ്ഞുകയറിയതിനെ തുടര്‍ന്ന് 3 പേർക്ക് ജീവന്‍ നഷ്ടമായി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.പ്രാഥമിക വിവരങ്ങള്‍ പ്രകാരം, മണ്ണ് കയറ്റി വന്ന ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഇതോടെ അവിടെ നിന്നിരുന്ന കുട്ടികളുടെ മുകളിലേക്കാണ് വാഹനവും മണ്ണും പതിച്ചതെന്നാണ് വിവരം.സംഭവസമയത്ത് ബസ് സ്റ്റോപ്പില്‍ ഏഴ് കുട്ടികൾ അടക്കം 12 പേരോളം ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ അഞ്ച് പേരുടെ പരിക്കുകള്‍ ഗുരുതരമാണെന്നും ഇവര്‍ക്ക് അടിയന്തര ചികിത്സ നല്‍കിവരികയാണെന്നും അറിയുന്നു.രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മണ്ണ് നീക്കം ചെയ്ത ശേഷമാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. നാട്ടുകാരും രക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടത്തിയത്. അപകടത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമാക്കുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





