വി. മുരളീധരൻ ബി.ജെ.പി നിയമസഭാകക്ഷി നേതാവാകും
തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് വിജയിച്ച മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ ബി.ജെ.പി നിയമസഭാകക്ഷി നേതാവാകും. കേന്ദ്രനേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. എം.എൽ.എമാരോട് അഭിപ്രായം തേടുന്നതുപോലെയുള്ള നടപടിക്രമങ്ങളുണ്ടാകില്ല. പ്രവർത്തനപരിചയവും പാർട്ടിയിലെ സീനിയോറിറ്റിയും പരിഗണിച്ചാണ് മുരളീധരനെ കക്ഷിനേതാവാക്കുന്നതെന്നാണ് വിവരം. നേമത്തുനിന്ന് വിജയിച്ച സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നിയമസഭാകക്ഷി നേതാവാകണമെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്. എന്നാൽ, സംസ്ഥാന അധ്യക്ഷൻ എന്ന ചുമതലയുള്ളതിനാൽ രാജീവ് നിയമസഭാകക്ഷി നേതാവാകാൻ തയാറാകില്ലെന്നാണ് വിവരം. സംസ്ഥാനത്ത് ആദ്യം സർക്കാർ വരട്ടെയെന്നും അതിനുശേഷം ബി.ജെ.പി നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാമെന്നുമായിരുന്നു ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് വി. മുരളീധരന്റെ പ്രതികരണം.





