റബാഡയും ഹോൾഡറും തിളങ്ങി; സൺറൈസേഴ്‌സ് 86ന് ഓൾ ഔട്ട്; ജയത്തോടെ ഗുജറാത്ത് ഒന്നാമത്
അഹമ്മദാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 82 റൺസ് ജയം. ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് 86 റൺസിൽ ഓൾ ഔട്ടായി. റബാഡയും ജേസൺ ഹോൾഡറും മൂന്ന് വിക്കറ്റുകൾ വീതം നേടി. സായി സുദർശന്റെയും വാഷിങ്ടൺ സുന്ദറിന്റെയും അർധ സെഞ്ച്വറികളാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ജയത്തോടെ 16 പോയിന്റുമായി ടൈറ്റൻസ് പട്ടികയിൽ ഒന്നാമതെത്തി. സൺറൈസേഴ്സിന്റെ ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ ടോട്ടലാണിത്.ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് സ്കോർ ചെയ്തത്. സായി സുദർശന്റെയും വാഷിങ്ടൺ സുന്ദറിന്റെയും അർധ സെഞ്ച്വറികളാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 44 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തി 61 റൺസാണ് സായി സുദർശൻ സ്കോർ ചെയ്തത്. 33 പന്തിൽ 50 റൺസാണ് സുന്ദറിന്റെ സംഭാവന. ഇരുവരും ചേർന്നുയർത്തിയ 60 റൺസിന്റെ കൂട്ടുകെട്ടാണ് ടൈറ്റൻസിനെ സഹായിച്ചത്. അവസാന ഓവറുകളിൽ ഹോൾഡറിനൊപ്പം ചേർന്ന് സുന്ദർ നടത്തിയ പോരാട്ടവും ശ്രദ്ധേയമായി. ഹൈദരാബാദ് ബൗളിങ് നിരയിൽ സാഖിബ് ഹുസെയ്ൻ മൂന്ന് വിക്കറ്റുകളുമായി തിളങ്ങി.മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന്റെ പോരാട്ടം പക്ഷെ 86 റൺസിൽ അവസാനിച്ചു. തുടക്കം മുതൽ തകർച്ച നേരിട്ട ഹൈദരാബാദ് പവർ പ്ലെയിൽ കാഗീസോ റബാഡയുടെയും സിറാജിന്റെയും പന്തുകൾക്കുമുന്നിൽ പതറി. 34 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 4 വിക്കറ്റുകളാണ് നഷ്ടമായത്. റബാഡ മൂന്ന് വിക്കറ്റുകളും സിറാജ് ഒരു വിക്കറ്റുമാണ് നേടിയത്. പിന്നാലെ ജേസൺ ഹോൾഡറും മൂന്ന് വിക്കറ്റുകൾ നേടി. 15 ഓവറിൽ 86 റൺസ് നിൽക്കേ റാഷിദ് ഖാൻ അവസാന വിക്കറ്റും വീഴ്ത്തി സൺറൈസേഴ്സിന്റെ ചേസ് അവസാനിപ്പിച്ചു. 19 റൺസ് നേടിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറർ. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, നിതീഷ് റെഡി എന്നിവർ രണ്ടക്കം കാണാതെ പുറത്തായി.





