വൈഭവ് ഇന്ത്യ എ ടീമിൽ; ശ്രീലങ്കയിലെ ത്രിരാഷ്ട്ര പാരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു; തിലക് വർമ നായകൻ
മുംബൈ: ഈ വർഷം ജൂണിൽ ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര പാരമ്പരക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചപ്പോൾ യുവ സെൻസേഷൻ വൈഭവ് സൂര്യവൻഷിയും ടീമിൽ ഇടംപിടിച്ചു. ടീമിനെ നയിക്കാൻ തിലക് വർമയും ഉപനായകനായി രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിനെയുമാണ് നിയമിച്ചിരിക്കുന്നത്. ഏകദിന പരമ്പരയിൽ ശ്രീലങ്ക അഫ്ഗാനിസ്താൻ എന്നിവരുടെ എ ടീമുകളുമായി ഇന്ത്യ കളിക്കും.2025ൽ ഐപിഎല്ലിൽ റെക്കോർഡ് സെഞ്ച്വറിയോടെ ഇന്ത്യൻ ക്രിക്കറ്റിൽ തന്റെ വരവറിയിച്ച വൈഭവ് സൂര്യവൻഷി തുടർന്ന് അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 175 റൺസ് സ്കോർ ചെയ്ത് തകർപ്പൻ പെർഫോമൻസാണ് യുവ താരം പുറത്തെടുത്തത്. നിലവിലെ ഐപിഎൽ സീസണിലും മിന്നും ഫോമിലാണ് വൈഭവ് ബാറ്റ് ചെയ്യുന്നത്. 11 ഇന്നിങ്ങ്സുകളിൽ നിന്നായി 236.56 സ്ട്രൈക്ക് റേറ്റിൽ 440 റൺസാണ് താരം സ്കോർ ചെയ്തിട്ടുള്ളത്. കൂടാതെ 40 സിക്സുകളുമായി സീസണിൽ കൂടുതൽ സിക്സുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുമാണ്. ഐപിഎല്ലിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രൻ സിങ്, അൻഷുൽ കംബോജ്, സൂര്യാൻശ് ഷെഡ്ഗെ എന്നിവരും ടീമിൽ ഇടംപിടിച്ചു. ജൂൺ 9ന് ആതിഥേയരായ ശ്രീലങ്ക എയും ഇന്ത്യ എയും തമ്മിലുള്ള മത്സരത്തോടെയാണ് ത്രിരാഷ്ട്ര പരമ്പര ആരംഭിക്കുന്നത്. ഡബിൾ റൗണ്ട് റോബിൻ ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിലെ ആദ്യ രണ്ട് സ്ഥാനക്കാർ ജൂൺ 21ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. ശ്രീലങ്ക എക്കെതിരെ ഇന്ത്യ എ രണ്ട് റെഡ് ബോൾ മത്സരങ്ങളും കളിക്കും. ഈ മത്സരങ്ങൾക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും. വൈറ്റ് ബോൾ പരമ്പര ദാംബുള്ളയിലും റെഡ് ബോൾ മത്സരങ്ങൾ ഗാലെയിലുമായിരിക്കും നടക്കുക. സ്‌ക്വാഡ്: തിലക് വർമ (ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവൻഷി, റിയാൻ പരാഗ് (വൈസ് ക്യാപ്റ്റൻ), ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹർഷ് ദുബേ, സുര്യൻഷ് ഷെഡ്ഗെ, പ്രഭ്സിമ്രൻ സിങ് (വിക്കറ്റ് കീപ്പർ), കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), വിപ്രജ് നിഗം, യഷ് താക്കൂർ, യുധ്വീർ സിങ്, അൻഷുൽ കംബോജ്, അർഷാദ് ഖാൻ.




