നേപ്പാൾ പ്രളയത്തിൽ കാണാതായ 213 ഇന്ത്യക്കാരെ മരിച്ചതായി പ്രഖ്യാപിക്കും; നടപടികൾ ആരംഭിച്ച് ഭരണകൂടം
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ 213 ഇന്ത്യക്കാരെ മരിച്ചതായി പ്രഖ്യാപിക്കാനുള്ള ഔദ്യോഗിക നടപടികളിലേക്ക് കടന്ന് നേപ്പാൾ ഭരണകൂടം. ദുരന്തമുണ്ടായി മൂന്ന് മാസം പിന്നിടുമ്പോഴാണ് കാണാതായവരുടെ പട്ടിക നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചത്. പട്ടികയിൽ തിരുത്തലുകളോ പരാതികളോ ഉള്ള കുടുംബാംഗങ്ങൾക്ക് ഡിസംബർ രണ്ടിന് മുൻപായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയെ സമീപിക്കാനും അവസരമുണ്ട്. നേപ്പാളിന്റെ ഹൃദയം തകർത്ത പ്രളയത്തിനു മൂന്ന് മാസത്തിന് ശേഷമാണ് കാണാതായവരുടെ പട്ടിക പുറത്തുവിടുന്നത്. നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ ഹിമപാതം മൂലം ത്രിശൂലി-ഭോട്ടേ കോശി നദീതടങ്ങൾ കരവിഞ്ഞതിൽ നഷ്ടപെട്ടത് 1,450-ലധികം പേരുടെ ജീവനാണ് .കാണാതായ അയ്യായിരത്തോളം പേരിൽ 213 ഇന്ത്യക്കാരും ഉൾപ്പെടുന്നു. പാസ്പോർട്ട്, ആധാർ, വോട്ടർ ഐഡി വിവരങ്ങളടക്കമുള്ളവയാണ് കാണാതായവരുടെ പട്ടിക . കുടുംബാംഗങ്ങളുടെ പരാതികൾ കേട്ട് അന്തിമ പട്ടികയ്ക്ക് ശേഷം മരണ സർട്ടിഫിക്കറ്റ് നടപടികളിലേക്ക് ഇന്ത്യൻ എംബസി കടക്കും.ഇന്ത്യക്കാരെ കൂടാതെ മറ്റ് 18 രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരും ദുരന്തത്തിൽ അകപ്പെട്ടവരിൽ പെടുന്നു. നേപ്പാളിലെ സിവിൽ കോഡ് പ്രകാരം, കാണാതായ ഒരാളെ മരിച്ചതായി നിയമപരമായി പ്രഖ്യാപിക്കാൻ 12 വർഷം കാത്തിരിക്കേണ്ടതുണ്ട്. എന്നാൽ പ്രളയം പോലുള്ള വൻ പ്രകൃതിദുരന്തങ്ങളിൽ അകപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ്, നഷ്ടപരിഹാരം, മറ്റ് നിയമപരമായ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ ഒഴിവാക്കാനാണ് പ്രത്യേക ഉത്തരവിലൂടെ ഇവരെ മരിച്ചതായി പ്രഖ്യാപിക്കാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചത്.





