ഷുഹൈബ് വധക്കേസ്; വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി ഹൈക്കോടതി
കൊച്ചി: ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി ഹൈക്കോടതി. കൊല്ലപ്പെട്ട ഷുഹൈബിന്‍റെ പിതാവിനെ കേസിൽ കക്ഷി ചേർത്തു. ആകാശ് തില്ലങ്കേരിയടക്കമുള്ള പ്രതികൾ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി.
വിചാരണ നടപടികൾ തിങ്കളാഴ്ച വരെയായിരുന്നു സ്റ്റേ ചെയ്തത്. പക്ഷപാതമായി പെരുമാറുന്നു, മുൻവിധിയോടെ സംസാരിക്കുന്നു എന്നുൾപ്പെടെ വിചാരണ കോടതിക്കെതിരെ പ്രതികൾ ഹരജിയിൽ ആരോപങ്ങൾ ഉന്നയിച്ചിരുന്നു.
വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗം ഹരജി നേരത്തെ അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇതേ കോടതിയിൽ ആദ്യം ഹരജി നൽകിയെങ്കിലും സത്യവാങ്മൂലം നൽകാത്തതിനാൽ തള്ളുകയായിരുന്നു. സത്യവാങ്മൂലം ഉൾപ്പെടുത്തി വീണ്ടും ഹരജി നൽകിയെങ്കിലും തള്ളി.
കേസിലെ വിചാരണാ നടപടികൾ നീട്ടിക്കൊണ്ടുപോകാൻ പ്രതിഭാഗം മനഃപൂർവം ശ്രമിക്കുകയാണെന്ന ആക്ഷേപങ്ങൾക്കിടയിലാണ് കോടതി മാറ്റ ഹരജി സമർപ്പിക്കപ്പെട്ടത്.
പ്രതിഭാഗം അഭിഭാഷകൻ സമർപ്പിച്ച ഈ ഹരജി മുൻപ് പരിഗണിച്ച സെഷൻസ് കോടതി, അഡീഷണൽ സെഷൻസ് കോടതിയിലെ വിചാരണ നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കോടതി മാറ്റത്തിനുള്ള ഹരജി നിലനിൽക്കുന്നതിനാൽ സാക്ഷി വിസ്താരവുമായി സഹകരിക്കാൻ പ്രതിഭാഗം അഭിഭാഷകർ തയ്യാറായിരുന്നില്ല.





