സോഡ ഫാക്ടറി ടാങ്കിൽ പഴുതാര, കുപ്പികളിൽ ലേബലില്ല, ജല പരിശോധന റിപ്പോർട്ടില്ല; ഫാക്ടറി ഭക്ഷ്യ സുരക്ഷ വകുപ്പ പൂട്ടിച്ചു
കോഴിക്കോട്: വൃത്തിഹീനമായ അന്തരീക്ഷത്തിലും ആവശ്യമായ രേഖകളില്ലാതെയും പ്രവൃത്തിച്ച സോഡ ഫാക്ടറി ഭക്ഷ്യ സുരക്ഷ വകുപ്പ പൂട്ടിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന എസ്.കെ. സോഡാ ഫാക്ടറിക്കെതിരെയാണ് നടപടി. സ്ഥാപനത്തിലെ പരിശോധനയിൽ നിരവധി ഗുരുതര വീഴ്ചകൾ കണ്ടെത്തിയതായി ഫുഡ് സേഫ്റ്റി കമീഷണർ അറിയിച്ചു. സ്ഥാപനത്തിലെ കുടിവെള്ള ടാങ്കിൽ പഴുതാരയുടെ സാന്നിധ്യം വരെ കണ്ടെത്തി. മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. സോഡാ നിർമ്മാണത്തിന് ഉപയോഗിച്ച വെള്ളത്തിന്റെ പരിശോധന റിപ്പോർട്ട് ലഭ്യമായിരുന്നില്ല. സോഡാ കുപ്പികളിൽ നിർബന്ധമായും രേഖപ്പെടുത്തേണ്ട ലേബൽ വിവരങ്ങൾ ഇല്ലായിരുന്നു. ഭക്ഷ്യസുരക്ഷ ഗുണനിലവാര മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പൊട്ടിപ്പൊളിഞ്ഞ തറയും പൂപ്പൽ ബാധിച്ച ചുമരും മറ്റുമാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞു. സ്ഥാപനത്തിലെ ആരോഗ്യ-സുരക്ഷാ ലംഘനങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയായതിനാൽ പ്രവർത്തനം ഉടൻ നിർത്തിവെക്കാൻ ഉത്തരവിട്ടു. ഫുഡ് സേഫ്റ്റി ഓഫിസർ ഡോ. സനീന മജീദും കൂടരഞ്ഞി ഹെൽത്ത് ഇൻസ്പെക്ടറും ചേർന്നായിരുന്നു പരിശോധന നടത്തിയത്. സ്ഥാപനത്തിൽ നിന്ന് ഗുണനിലവാര പരിശോധനക്കായി സാമ്പിൾ ശേഖരിച്ച് റീജണൽ അനലിറ്റിക്കൽ ലാബിൽ അയച്ചു.





