ബൈക്കോടിച്ച് പോകുന്നതിനിടെ ഉണങ്ങിയ മരക്കൊമ്പ് തലയിൽ വീണ് 53കാരൻ കോമയിലായി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബംഗളൂരു: ബംഗളൂരുവിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഉണങ്ങിയ മരക്കൊമ്പ് തലയിൽ വീണ് 52കാരൻ കോമയിലായി. ശനിയാഴ്ച വൈകിട്ട് രാം മന്ദിർ റോഡിന് സമീപമാണ് സംഭവം. സ്വകാര്യ ധനകാര്യ കമ്പനിയിലെ ജീവനക്കാരനായ സുരേഷിനാണ് തലക്ക് ഗുരുതരമായി പരിക്കേറ്റത്. വായ്പ തിരിച്ചടവ് ശേഖരിക്കുന്നതിനായി ഫീൽഡ് ജോലിയുടെ ഭാഗമായി യാത്ര ചെയ്യുന്നതിനിടെ വൈകിട്ട് 5 മണിയോടെയാണ് അപകടം.സംഭവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഹെൽമെറ്റ് ധരിക്കാതെ സുരേഷ് റോഡിലൂടെ ബൈക്ക് ഓടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ സമയത്ത് റോഡരികിലെ ഒരു വലിയ മരത്തിൽ നിന്ന് ഉണങ്ങിയ മരക്കൊമ്പ് സുരേഷിന്‍റെ തലയിൽ വീഴുകയായിരുന്നു. ഇതോടെ മോട്ടോർ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് ഇടിച്ചുകയറി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷ് സംഭവസ്ഥലത്ത് തന്നെ അബോധാവസ്ഥയിലായി.വഴിയാത്രക്കാര്‍ ഉടൻ തന്നെ ഓടിയെത്തി അദ്ദേഹത്തെ രാജാജിനഗറിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. രാജാജിനഗർ പൊലീസ് സ്റ്റേഷനിൽ ഒരു നോൺ-കോഗ്നിസബിൾ റിപ്പോർട്ട് (NCR) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന്, ജിബിഎ വനംവകുപ്പിലെ ഉദ്യോഗസ്ഥരും കേടുപാടുകൾ സംഭവിച്ച മരം പരിശോധിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും സ്ഥലം സന്ദർശിച്ചു.സംഭവം പ്രദേശവാസികളിൽ രോഷം ജനിപ്പിച്ചിട്ടുണ്ട്. ഉണങ്ങിയതും അപകടകരവുമായ നിരവധി മരക്കൊമ്പുകളെക്കുറിച്ച് വനംവകുപ്പിനെ പലതവണ അറിയിച്ചിരുന്നതായി അവർ ആരോപിച്ചു.

നിരവധി പരാതികൾ നൽകിയിട്ടും മരങ്ങൾ വെട്ടിമാറ്റുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്തില്ലെന്ന് താമസക്കാർ പറയുന്നു. അപകടകരമായ ശാഖകൾ സമയബന്ധിതമായി നീക്കം ചെയ്തിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button