ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി! ജർമ്മനിയെ വിറപ്പിച്ചു പാരാഗ്വേ പ്രീ-ക്വാർട്ടറിലേക്ക്!, പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമ്മനി വീണു
2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ നാല് തവണ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ ഷൂട്ടൗട്ടിൽ തകർത്ത് പാരാഗ്വേ ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ആവേശകരമായ ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് പാരാഗ്വേ ജർമ്മനിയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് അന്ത്യം കുറിച്ചത്.
മത്സരത്തിന്റെ 42-ാം മിനിറ്റിൽ ജൂലിയോ എൻസിസോയുടെ ഹെഡർ ഗോളിലൂടെ പാരാഗ്വേയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ കായ് ഹാവെർട്സിലൂടെ ജർമ്മനി സമനില പിടിച്ചു. അധികസമയത്ത് ജർമ്മനി ഒരു ഗോൾ നേടിയെങ്കിലും ഫൗളിനെ തുടർന്ന് വാർ അനുവദിച്ചില്ല.
ഷൂട്ടൗട്ടിൽ പാരാഗ്വേ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിന്റെ മികച്ച സേവുകളും ജോസ് കനാലെയുടെ നിർണായക ഗോളും പാരാഗ്വെയ്ക്ക് പ്രീ-ക്വാർട്ടറിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കുകയായിരുന്നു.





