വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലും കരളിലും കയറി; പത്തനംതിട്ടയിൽ കൊലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പത്തനംതിട്ട: ചിറ്റാറിൽ യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ നിർണായകമായ പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്ത്. ക്രൂരമായ മർദനത്തെ തുടർന്ന് വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലും കരളിലും കയറിയതാണ് മരണകാരണമെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ കൊടുമുടി പതാലിൽ സദാനന്ദന്റെ മകൻ സന്ദീപ് (36) ആണ് കൊല്ലപ്പെട്ടത്. ചെങ്ങറ കടപുഴ ദേവിവിലാസം വീട്ടിൽ സുരേഷ് കുമാർ (58), പെരുനാട് അട്ടത്തോട് കൃഷ്ണവിലാസം വീട്ടിൽ കൃഷ്ണൻകുട്ടി (55), അട്ടത്തോട് മൂഴിക്കൽ വീട്ടിൽ ഗോപി (60) എന്നിവരാണ് അറസ്റ്റിലായത്. സന്ദീപിന്റെ സുഹൃത്തായിരുന്ന യുവതിയുടെ യുവതിയുടെ അച്ഛൻ അടക്കമുള്ള അടുത്ത ബന്ധുക്കളാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ സന്ദീപിനെ വീടിനോട് ചേർന്ന റബ്ബർ തോട്ടത്തിലെ കുഴിയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ഏഴ് മണിയോടെയായിരുന്നു സന്ദീപ് വീട്ടിൽനിന്ന് ഇറങ്ങിയത്. സന്ദീപ് അവശനായി കിടന്ന കുഴിയുടെ സമീപത്തുകൂടി ചില ആളുകൾ പോയതായി നാട്ടുകാർ പൊലീസിൽ അറിയിച്ചിരുന്നു. സന്ദീപിന് വിവാഹിതയായ സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഇവരുടെ ബന്ധുക്കൾ വീടിന്റെ സമീപം എത്തിയിരുന്നതായി സന്ദീപിൻ്റെ അച്ഛൻ ആരോപിച്ചു. മകൻ്റെ മരണത്തിൽ അവരെ സംശയമുണ്ടെന്ന് സന്ദീപിന്റെ പിതാവ് സദാനന്ദൻ പറഞ്ഞു. മരണത്തിൽ സംശയം തോന്നിയ ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് നാടൻ തോക്ക്, വെടിമരുന്ന്, വെടിയുണ്ടകൾ, വാൾ അടക്കമുള്ള മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ ആയുധം കൈവശം വെച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button