ഷാർജയിൽ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ വിമാനം കാണാതായി
കറാച്ചി: ഷാർജയിൽ നിന്നും പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ ബോയിംഗ് 737 ചരക്ക് വിമാനം (കാർഗോ) കാണാതായി. വിമാനം അറബിക്കടലിൽ തകർന്നുവീണതായാണ് പ്രാഥമിക സംശയം.
അഞ്ച് ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 9:21 ഓടെയാണ് വിമാനവുമായുള്ള എയർ ട്രാഫിക് കൺട്രോൾ ബന്ധം പൂർണ്ണമായും നഷ്ടമായത്.
കറാച്ചിയിൽ ലാൻഡ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് വിമാനത്തിന്റെ നാവിഗേഷൻ സിസ്റ്റത്തിന് തകരാർ സംഭവിച്ചതായി ജീവനക്കാർ എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചത്. ഇതിന് പിന്നാലെ വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്ന് വലിയ വ്യതിയാനങ്ങൾ ഉണ്ടാവുകയും അതിവേഗത്തിൽ താഴേക്ക് പതിക്കുകയുമായിരുന്നു എന്ന് വിമാനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്ന ‘ഫ്ലൈറ്റ്റഡാർ24’ വ്യക്തമാക്കി.
കറാച്ചിയിൽ നിന്ന് ഏകദേശം 155 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മാറിയാണ് വിമാനവുമായുള്ള റഡാർ, റേഡിയോ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടത്. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കെ2 എയർവേയ്സ്’ എന്ന സ്വകാര്യ കമ്പനിയുടെ വിമാനമാണിത്.





