സ്വിസ് കടമ്പ കടന്ന് അർജന്‍റീന സെമി ഫൈനലിൽ; വിജയം അധികസമയത്തെ ഇരട്ടഗോളുകളിൽ

കാൻസാസ് സിറ്റി: 2026 ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമിഫൈനലിൽ. അരോഹെഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ അധികസമയത്ത് മറികടന്നാണ് മെസ്സിയും സംഘവും സെമി ബെർത്ത് ഉറപ്പിച്ചത്. ബുധനാഴ്ച അറ്റ്‌ലാന്റയിൽ നടക്കുന്ന സെമിഫൈനലിൽ ശക്തരായ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ. മത്സരത്തിന്‍റെ 10-ാം മിനിറ്റിലാണ് അർജന്‍റീന സ്വിസ് വല കുലുക്കിയത്. മെസ്സിയെടുത്ത കോർണർ കിക്കിൽ നിന്ന് ഉയർന്നുവന്ന പന്ത് മികച്ച ഹെഡറിലൂടെ മാക് അലിസ്റ്റർ സ്വിസ് വലയിലെത്തിച്ചു. 21-ാം മിനിറ്റിൽ സ്വിറ്റ്സർലൻഡിന്റെ ജിബ്രിൾ സോ ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ശക്തമായ ലോങ് റേഞ്ചർ ഷോട്ട് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസ് സുരക്ഷിതമായി പിടിച്ചെടുത്തു. 34-ാം മിനിറ്റിൽ ഗ്രാനിറ്റ് സാക്കയുടെ മനോഹരമായ നോ-ലുക്ക് പാസ് ശ്രദ്ധേയമായെങ്കിലും സ്വിസ് പടക്ക് മുതലെടുക്കാനായില്ല. ഇതിനു പിന്നാലെ സ്വിറ്റ്സർലൻഡിന് അനുകൂലമായി ഫ്രീ-കിക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 43-ാം മിനിറ്റിൽ ലിയാൻഡ്രോ പരേഡസിനെ ഫൗൾ ചെയ്തതിന് സ്വിസ് താരം ബ്രെൽ എംബോളോയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകി. എന്നാൽ, രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവന്ന സ്വിറ്റ്സർലൻഡ് 67-ാം മിനിറ്റിൽ ഡാൻ എൻഡോയെയുടെ ഗോളിലൂടെ സമനില പിടിച്ചു. മത്സരത്തിലെ നിർണ്ണായക വഴിത്തിരിവായത് സ്വിസ് താരം ബ്രെൽ എംബോളോയുടെ പുറത്താകലാണ്. ലിയാൻഡ്രോ പരേഡസിനെ ഫൗൾ ചെയ്തുവെന്ന് കരുതി റഫറി ആദ്യം പരേഡസിന് മഞ്ഞക്കാർഡ് നൽകിയെങ്കിലും, വാർ പരിശോധനയിൽ എംബോളോ ഡൈവ് ചെയ്തതാണെന്ന് തെളിയുകയായിരുന്നു. ഇതോടെ എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിക്കുകയും പുറത്തുപോകേണ്ടി വരികയും ചെയ്തു. പത്ത് പേരായി ചുരുങ്ങിയ സ്വിറ്റ്സർലൻഡിനെതിരെ അർജന്റീന ആധിപത്യം സ്ഥാപിച്ചെങ്കിലും വല കുലുക്കാനായില്ല. തുടർന്ന് മത്സരം അധികസമയത്തേക്ക് നീങ്ങി. അധികസമയത്തിന്‍റെ രണ്ടാം പകുതിയിൽ ഹൂലിയൻ അൽവാരസിന്റെ തകർപ്പൻ ഗോൾ അർജന്റീനയ്ക്ക് ലീഡ് നൽകി. 25 വാര അകലെ നിന്ന് അൽവാരസ് തൊടുത്ത മനോഹരമായ ഷോട്ട് സ്വിസ് ഗോളി ഗ്രെഗർ കോബെലിനെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു. പിന്നീട് മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ലൗട്ടാരോ മാർട്ടിനസ് കൂടി സ്കോർ ചെയ്തതോടെ അർജന്റീന വിജയം ഉറപ്പിച്ചു. ജയത്തോടെ സെമിയിലേക്ക് മുന്നേറിയതോടെ കിരീടം നിലനിർത്താനുള്ള അർജന്റീനയുടെ സ്വപ്നം അണയാതെ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button