അനുമോദന ചടങ്ങിൽ വിദ്യാര്‍ഥികളെ അപമാനിച്ച കെ.ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു
പാലക്കാട്: അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ച കെ.ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറിയതിനാണ് കേസ്. അനുമോദന ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിക്കുന്നതും മേൽവിലാസം തെറ്റിച്ച് എഴുതി എന്നപേരിൽ കുട്ടിയെ സ്റ്റേജിൽ വിളിച്ച് വരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയർപേഴ്സൺ കെ.വി മനോജ് കുമാർ സ്വമേധയാ കേസെടുത്തത്.എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന വിജയോത്സവം പരിപാടിയിലാണ് മുൻ മന്ത്രി കെ.ടി ജലീൽ കുട്ടികളെ വേദിയിൽ അപമാനിച്ചത് . മണ്ണാർക്കാട് നഗരസഭ 19, 20 ,22 വാർഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജലീൽ. ”സദസിലിരിക്കുന്ന കുട്ടിയോട് വേദിയിൽ നിന്ന് എടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?” എന്നാണ് എല്ലാവരുടെയും മുന്നിൽ വിളിച്ചു ചോദിക്കുന്നത്. ഹിന്ദിയിൽ എ പ്ലസ് കിട്ടിയ കുട്ടികളെയാണ് ജലീൽ വേദിയിലേക്ക് വിളിച്ചത്.ഹിന്ദിയിൽ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാനായിരുന്നു ആവശ്യപ്പെട്ടത്. വേദിയിൽവെച്ച് കുട്ടികൾ എഴുതിയപ്പോൾ ചില തെറ്റുകൾ വന്നപ്പോഴായിരുന്നു ജലീലിന്റെ തിരുത്ത്. കുട്ടികളെ വേദിയിൽവെച്ച് ചെവിയിൽ നുള്ളുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.സംസം എന്നാൽ എന്താണ് അർഥം? പാത്തുമ്മയുടെ ആടിൽ എന്തിനെക്കുറിച്ചാണ് പറയുന്നത്? തുടങ്ങിയ ചോദ്യങ്ങളും ജലീൽ കുട്ടികളോട് ചോദിക്കുന്നുണ്ട്. വായനാശീലം വേണം, മൊബൈൽ ഉപയോഗിക്കുന്നതും അറിവ് വർധിപ്പിക്കാൻ വേണ്ടിയാവണം തുടങ്ങിയ ഉപദേശങ്ങളും കുട്ടികൾക്ക് നൽകുന്നുണ്ട്.





