ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ലോകത്തിലെ ഒരേയൊരു രാജ്യം ഏതാണെന്നറിയാമോ?
ലോകത്ത് നിലവിൽ 195 രാജ്യങ്ങളുണ്ട്. ഓരോന്നിനും അതിന്റേതായ പശ്ചാത്തലവും പ്രത്യേകതകളും സംസ്കാരവുമുണ്ട്. പല രാജ്യങ്ങൾക്കും ചില വിളിപ്പേരുകളുമുണ്ട്. ഉദാഹരണത്തിന് ജപ്പാനെ ഉദയസൂര്യന്റെ നാടെന്നും അയര്‍ലന്റിനെ എമറാൾഡ് ഐൽ എന്നും വിളിക്കുന്നു. ഓരോ രാജ്യത്തിന്റെ പേരിന് പിന്നിലും തീര്‍ച്ചയായും ഒരു ചരിത്രമുണ്ടായിരിക്കും. അതിന് പിന്നിൽ ചില ഗോത്രങ്ങളോ പ്രദേശങ്ങളോ വ്യക്തിയോ ആയിരിക്കും. എന്നാൽ മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഒരു രാജ്യവും നമ്മുടെ ഭൂഗോളത്തിലുണ്ട്. അതിന് പിന്നിലൊരു കഥയുമുണ്ട്. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലാണ് മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ രാജ്യം. മുഴുവൻ ഭൂഖണ്ഡത്തിന്റെയും പകുതിയോളം വരും ബ്രസീൽ. വിശാലമായ ആമസോൺ മഴക്കാടുകൾ കൊണ്ട് സമൃദ്ധമായ രാജ്യത്ത് 215 ദശലക്ഷത്തിലധികം ജനസംഖ്യയുണ്ട്. ബ്രസീലിയയാണ് തലസ്ഥാനം.ഒരു മരം എങ്ങനെയാണ് ഒരു വലിയ രാജ്യത്തിന് പേര് നൽകിയത്?’ബ്രസീൽവുഡ്’ എന്ന് വിളിക്കുന്ന ഒരു പ്രത്യേക വൃക്ഷമാണ് ബ്രസീൽ എന്ന പേരിന് പിന്നിൽ. പോർച്ചുഗീസ് ഭാഷയിൽ പ്രാദേശികമായി ഇത് ‘പൗ-ബ്രസീൽ’ എന്നറിയപ്പെടുന്നു. 1500-ൽ പോർച്ചുഗീസ് പര്യവേക്ഷകർ ആദ്യമായി ബ്രസീലിന്റെ തീരത്ത് ഇറങ്ങിയപ്പോൾ, ഈ മരങ്ങൾ കൊണ്ട് നിറഞ്ഞ വിശാലമായ വനനിരകൾ കണ്ട് അവർ അത്ഭുതപ്പെട്ടു.കട്ടിയുള്ളതും മുള്ളുകൾ നിറഞ്ഞതുമാണ് ബ്രസീൽവുഡ് മരങ്ങൾ, എന്നാൽ ഇതിന്റെ യഥാർഥ മൂല്യം തടിക്ക് ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. വളരെ അപൂർവ്വവും വിലയേറിയതുമായ കടും ചുവപ്പ് നിറത്തിലുള്ള ഡൈ ഉൽപ്പാദിപ്പിക്കാൻ ഈ തടിക്ക് സാധിക്കും. ബ്രസീൽ എന്ന വാക്ക് ബ്രസ എന്ന പോർച്ചുഗീസ് വാക്കിൽ നിന്നാണ് ഉണ്ടായത്, അതിനർത്ഥം ‘കത്തിജ്വലിക്കുന്ന കനൽ’ എന്നാണ്. തടിയുടെ ഉള്ളിലെ ഭാഗം തീപോലെ തിളക്കമുള്ള ചുവപ്പ് നിറത്തിൽ കാണപ്പെടുന്നതിനാലാണ് ഈ പേര് ലഭിച്ചത്.ആഡംബര വസ്ത്രങ്ങൾ നിർമിക്കുന്നതിനായി യൂറോപ്യൻ വ്യാപാരികൾ ഈ ചായത്തിൽ ആകൃഷ്ടരായി. താമസിയാതെ മരക്കച്ചവടം ദൈനംദിന സമ്പദ്വ്യവസ്ഥയുടെ വലിയൊരു ഭാഗമായിത്തീർന്നു. ബ്രസീൽവുഡ് തരുന്ന പ്രദേശത്തെ ആളുകൾ പതിയെ പതിയെ ബ്രസീൽ എന്ന് വിളിക്കാൻ തുടങ്ങി. ബ്രസീലിന്റെ ദേശീയ വൃക്ഷം കൂടിയാണ് ബ്രസീൽ വുഡ്.ഉഷ്ണമേഖലാ കാലാവസ്ഥയിലാണ് ബ്രസീൽവുഡ് മരങ്ങൾ വളരുന്നത്. നല്ല നീർവാർച്ചയുള്ള മണ്ണ്, തീരദേശ സമതലങ്ങൾ, ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന താഴ്ന്ന ഉയരത്തിലുള്ള കുന്നിൻചെരിവുകൾ എന്നിവിടങ്ങളിൽ ഇത് നന്നായി വളരും. മുള്ളുള്ള തടിയും ശാഖകളും തിളക്കമുള്ള പച്ച ഇലകളും നല്ല സുഗന്ധമുള്ള മഞ്ഞ പൂക്കളുമാണ് ഇതിനുള്ളത്. കൊളോണിയൽ കാലഘട്ടത്തിലെ അമിതമായ മരംമുറിക്കൽ ഇവയുടെ എണ്ണം കുറച്ചു . അതുകൊണ്ട് തന്നെ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു. നിലവിൽ ബ്രസീലിൽ ഈ മരം വെട്ടുന്നത് നിയമം മൂലം കർശനമായി നിരോധിച്ചിരിക്കുകയാണ്.





