നഷ്ടപ്പെട്ടുവെന്ന് കരുതിയ ഭൂമിയിലെ എട്ടാമത്തെ വൻകര സമുദ്രത്തിനടിയിൽ കണ്ടെത്തി; കൂടുതലറിയാം
ഭൂമിയിൽ ഏഴ് വൻകരകളാണ് ഉള്ളതെന്നാണ് നമ്മൾ ഇക്കാലമത്രയും പഠിച്ചുവച്ചിട്ടുള്ളത്. എന്നാൽ ഭൂപടങ്ങളിൽ ഇതുവരെ ഇടംപിടിക്കാത്തതും, ഇന്ത്യയേക്കാൾ വലുപ്പമുള്ളതുമായ മറ്റൊരു വൻകര പസഫിക് സമുദ്രത്തിനടിയിൽ ഒളിച്ചിരിപ്പുണ്ടെന്ന സത്യം ശാസ്ത്രലോകം സ്ഥിരീകരിച്ചു കഴിഞ്ഞു! ‘സീലാൻഡിയ’ എന്ന് പേരിട്ടിരിക്കുന്ന ഈ എട്ടാമത്തെ വൻകരയുടെ രഹസ്യങ്ങൾ ഓരോന്നായി പുറത്തുവരികയാണ്. പസഫിക് സമുദ്രത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ എട്ടാമത്തെ വൻകരയ്ക്ക് ഏകദേശം 1.9 ദശലക്ഷം ചതുരശ്ര മൈൽ വിസ്തീർണമുണ്ട്. അതായത്, ഇന്ത്യയേക്കാൾ വലുപ്പമുള്ള ഈ പ്രദേശം ഓസ്ട്രേലിയയുടെ മൂന്നിൽ രണ്ട് ഭാഗത്തോളം വരും! ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, ഈ വൻകരയുടെ 94 ശതമാനവും സമുദ്രത്തിനടിയിലാണ് സ്ഥിതിചെയ്യുന്നത്. നമ്മൾ ഇന്ന് കാണുന്ന ന്യൂസിലാൻഡ്, ന്യൂ കാലിഡോണിയ തുടങ്ങിയ ചുരുക്കം ചില ദ്വീപുകൾ മാത്രമാണ് സമുദ്രനിരപ്പിന് മുകളിൽ കാണപ്പെടുന്ന ഇതിന്റെ അവശിഷ്ടങ്ങൾ.2017ൽ അമേരിക്കൻ ജിയോളജിക്കൽ സൊസൈറ്റിയുടെ ജേണലിൽ പതിനൊന്ന് പ്രഗത്ഭ ഭൗമശാസ്ത്രജ്ഞർ ചേർന്നാണ് ഇതൊരു പൂർണ വൻകരയാണെന്ന വാദം ഔദ്യോഗികമായി അവതരിപ്പിച്ചത്. വെറുമൊരു ഭൂഖണ്ഡത്തിന്റെ കഷ്ണമെന്നതിലുപരി, അതിന്റേതായ വ്യക്തമായ അതിരുകളും സവിശേഷതകളും ഇതിനുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങളുടെയും അത്യാധുനിക മാപ്പിങ് സാങ്കേതികവിദ്യകളുടെയും സഹായത്തോടെ അവർ തെളിയിച്ചു. സാധാരണ സമുദ്രത്തിനടിയിലെ പാറകളിൽ നിന്ന് വ്യത്യസ്തമായി, മറ്റ് വൻകരകളിലേതിന് സമാനമായ സിലിക്ക അടങ്ങിയ പാറകളാണ് ഇവിടെയുള്ളത്. മാത്രമല്ല, 20 കിലോമീറ്ററോളം കട്ടിയുള്ള ഭൂവൽക്കവും ഈ വൻകരയെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു.ഗോണ്ട്വാനയിൽ നിന്നുള്ള വേർപിരിയൽദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, അന്റാർട്ടിക്കയും ഓസ്ട്രേലിയയും ഇന്ത്യയും ഉൾപ്പെട്ട ‘ഗോണ്ട്വാന’ എന്ന കൂറ്റൻ വൻകരയുടെ ഭാഗമായിരുന്നു ഈ സീലാൻഡിയ. ഏകദേശം 10 കോടി വർഷങ്ങൾക്ക് മുൻപ് ഗോണ്ട്വാന വിഘടിക്കാൻ തുടങ്ങിയപ്പോൾ, സീലാൻഡിയ ഓസ്ട്രേലിയൻ ഭാഗത്തുനിന്നും വേർപിരിഞ്ഞു. ഭൂമിക്കടിയിലുണ്ടായ അതിശക്തമായ വലിവുകൾ കാരണം ഇതിന്റെ കട്ടി കുറയുകയും ക്രമേണ കടലിലേക്ക് മുങ്ങിപ്പോകുകയും ചെയ്തു. 85 ദശലക്ഷം വർഷങ്ങൾക്കും 25 ദശലക്ഷം വർഷങ്ങൾക്കും ഇടയിലാണ് ഇത് പൂർണമായും സമുദ്രത്തിനടിയിലായതെന്നാണ് കരുതപ്പെടുന്നത്.ദിനോസറുകളുടെ കാൽപ്പാടുകൾ ഉറങ്ങുന്ന മണ്ണ്ഏറ്റവും അത്ഭുതകരമായ കണ്ടെത്തൽ ഇതൊന്നുമല്ല, ഈ മുങ്ങിപ്പോയ വൻകരയിൽ നിന്നും ദിനോസറുകളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട് എന്നതാണ്! ന്യൂസിലാൻഡിൽ നിന്നും ചാതം ദ്വീപുകളിൽ നിന്നും കണ്ടെടുത്ത വലിയ ദിനോസറുകളുടെ ഫോസിലുകൾ സൂചിപ്പിക്കുന്നത്, ഗോണ്ട്വാനയിൽ നിന്നും വേർപിരിഞ്ഞതിന് ശേഷവും ലക്ഷക്കണക്കിന് വർഷങ്ങളോളം ഈ ഭൂപ്രദേശത്ത് ജീവജാലങ്ങൾ വസിച്ചിരുന്നു എന്നാണ്. 2017ൽ കടലിനടിയിൽ നടത്തിയ പര്യവേക്ഷണങ്ങളിൽ നിന്നും പഴയകാല സസ്യങ്ങളുടെ പൂമ്പൊടികളും മറ്റ് സൂക്ഷ്മ ഫോസിലുകളും കണ്ടെത്തിയിട്ടുണ്ട്.ഈ എട്ടാമത്തെ വൻകരയുടെ കണ്ടെത്തൽ ശാസ്ത്രലോകത്തിന് മാത്രമല്ല, വൻ സാമ്പത്തിക മാറ്റങ്ങൾക്കും വഴിവെക്കും. ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമപ്രകാരം, ഈ വൻകര തങ്ങളുടെ ഭൂപ്രദേശത്തിന്റെ തുടർച്ചയാണെന്ന് തെളിയിക്കാനായാൽ ന്യൂസിലാൻഡിന് സമുദ്രത്തിനടിയിലെ വലിയൊരു ഭാഗം തങ്ങളുടേതായി പ്രഖ്യാപിക്കാനാകും. ഇത് സമുദ്രത്തിനടിയിലുള്ള വിലപിടിപ്പുള്ള ധാതുക്കൾ, എണ്ണ ഖനനം എന്നിവയ്ക്കുള്ള വലിയൊരു സാധ്യതയാണ് തുറന്നിടുന്നത്.





