യു.പിയിൽ 26,000 ത്തിലധികം സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയെന്ന് അഖിലേഷ് യാദവ്
ലഖ്നോ: ഉത്തർപ്രദേശിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയശേഷം 26,000 ത്തിലധികം സർക്കാർ പ്രാഥമിക സ്കൂളുകൾ അടച്ചുപൂട്ടിയതായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാനാണ് ഈ നടപടിയെന്നും അദ്ദേഹം ആരോപിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭ വർഷകാല സമ്മേളനത്തിൽ ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.2017 മാർച്ച് വരെ സംസ്ഥാനത്ത് 1,13,938 സർക്കാർ പ്രാഥമിക സ്കൂളുകൾ ഉണ്ടായിരുന്നെന്നും 2017ൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയശേഷം 26,000ത്തിലധികം സ്കൂളുകൾ അടച്ചുപൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ സ്കൂളുകൾ അടച്ചത് ലഖിംപുർ ഖേരി (758) ജില്ലയിലാണ്. തുടർന്ന് സീതാപുർ (650), പ്രയാഗ്രാജ് (638) ജില്ലകളാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെന്റ സ്വന്തം ജില്ലയായ ഗൊരഖ്പുരിലും 500ഓളം പ്രാഥമിക സ്കൂളുകൾ അടച്ചുപൂട്ടിയതായും അദ്ദേഹം ആരോപിച്ചു.സർക്കാർ പ്രാഥമിക സ്കൂളുകളിലെ വിദ്യാർഥികളിൽ ഭൂരിഭാഗവും ഒ.ബി.സി, പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ടവരാണെന്നും ഈ വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും യാദവ് ആരോപിച്ചു.





