മദ്യപിച്ച് ട്രെയിൻ കയറാൻ വരേണ്ട; പുറത്താക്കാൻ റെയിൽവേക്ക് ഹൈക്കോടതിയുടെ ഗ്രീൻ സിഗ്നൽ
കൊച്ചി: ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. ഇതിനായുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മദ്യലഹരിയിലാണെന്ന് സംശയിക്കുന്നവരെ ട്രെയിനില്‍ നിന്ന് പുറത്താക്കാന്‍ റെയില്‍വേ അധികൃതര്‍ക്ക് പൂര്‍ണ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. മദ്യപിച്ചതായി സംശയിക്കുന്ന വ്യക്തികളെ ആദ്യം അവരുടെ ശാരീരിക പെരുമാറ്റവും സംസാരവും നോക്കിയാണ് വിലയിരുത്തേണ്ടത്. ആവശ്യമെന്ന് കണ്ടാല്‍ ബ്രത്ത് അനലൈസര്‍ പരിശോധനയും തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയും നടത്താം. ട്രെയിനിലെ മറ്റ് യാത്രക്കാരുടെ സുരക്ഷ, സൗകര്യം, പൊതുസമാധാനം എന്നിവ ഉറപ്പാക്കുകയാണ് റെയില്‍വേ നിയമത്തിലെ ഈ വകുപ്പുകളുടെ പ്രധാന ലക്ഷ്യം. ഈ അധികാരം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്താല്‍ അതിനെതിരെ നിയമപരമായ പരിഹാരത്തിന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.





