പത്തനംതിട്ടയില് വാഹനാപകടത്തില് ഹെല്ത്ത് ഇന്സ്പെക്ടര് മരിച്ചു
പത്തനംതിട്ട | പുനലൂര് – മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര് കൊല്ലന്പടിയില് കാറും കെഎസ്ആര്ടിസി ബസും കൂട്ടിയിടിച്ച് ഒരാള് മരിച്ചു. പുനലൂര് നെടുമ്പന കിണറുവിളവീട്ടില് ആമിന ബീവി(31)ആണ് മരിച്ചത്. ആമിന പ്രമാടം ഫാമിലി ഹെല്ത്ത് സെന്ററിലെ ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടറാണ്
ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം നടന്നത്. പുനലൂര് ഭാഗത്തുനിന്നും എരുമേലിയിലേക്ക് പോയ കെഎസ്ആര്ടിസി ഫാസ്റ്റ് പാസഞ്ചര് ബസും ആമിന ബീവി സഞ്ചരിച്ച കാറും തമ്മില് കൂട്ടിയിടിക്കുകയായിരുന്നു. കൊല്ലന്പടി എസ്എന്വി എല്പി സ്കൂളിന് മുന്നിലായാണ് അപകടം നടന്നത്. അപകടത്തില് ആമിനയുടെ കഴുത്തിന് സാരമായ രീതിയില് പരുക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഇടിയുടെ ആഘാതത്തില് കാര് പൂര്ണമായി തകര്ന്നു. കോന്നി പോലീസും ഫയര് ഫോഴ്സും സ്ഥലത്തെത്തി നടപടികള് സ്വീകരിച്ചു. ഏറെനേരെ സംസ്ഥാനപാതയിലെ ഗതാഗതം തടസ്സപ്പെട്ടു.





