ഇടുക്കിയിൽ അനുജനെ കുത്തിക്കൊലപ്പെടുത്തി ജ്യേഷ്ഠൻ; മദ്യലഹരിയിൽ വീട്ടിലെത്തി ആക്രമണം
ഇടുക്കി: അടിമാലി ശല്യംപാറയിൽ അനുജനെ കുത്തിക്കൊലപ്പെടുത്തി ജ്യേഷ്ഠൻ. ശല്യംപാറ സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. ജ്യേഷ്ഠൻ പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മദ്യപിച്ചെത്തിയ പ്രസാദ് അനിലുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നുവെന്നാണ് വിവരം. സംഭവസമയത്ത് അനിലിന്റെ ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നില്ല. ഇവർ ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. മണിക്കൂറുകൾക്കുശേഷം വീട്ടിൽ തിരിച്ചെത്തിയ ഭാര്യ, ഹാളിൽ രക്തംവാർന്ന് കിടക്കുന്ന അനിലിനെയാണ് കണ്ടത്. ഉടൻ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ പ്രസാദ് മദ്യലഹരിയിൽ ടിവി കണ്ടിരിക്കുകയായിരുന്നു. അനിലിനെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രസാദ് സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്നില്ലെന്നാണ് വിവരം. രണ്ട് മാസം മുമ്പ് ബിഎസ്എൻഎൽ കേബിളുകൾ മോഷ്ടിച്ച് വിറ്റ സംഭവത്തിൽ ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്.





