മിനി കൂപ്പര്‍ അപകടം; കാർ ഓടിച്ചിരുന്നപ്രതി സുഹൈല്‍ സജീവിനൊപ്പം രണ്ട് പേര്‍ കൂടി അറസ്റ്റില്‍

നെടുമ്പാശ്ശേരി | നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ കാറിടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതി സുഹൈല്‍ സജീവിനൊപ്പം കാറിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ കൂടി പിടിയില്‍. ആലപ്പുഴ സ്വദേശികളായ ജോയല്‍ (19), അമീന്‍ (19) എന്നിവരാണ് അറസ്റ്റിലായത്. അപകടത്തിന് പിന്നാലെ മറ്റൊരു കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയില്‍ അമിതവേഗതയില്‍ വാഹനം ഓടിക്കുന്നത് അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നും പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിരിക്കുന്നത്. അപകടസമയത്ത് സുഹൈല്‍ ഓടിച്ച കാറില്‍ നാല് പേരുണ്ടായിരുന്നതായാണ് പോലീസിന്റെ നിഗമനം. ഞായറാഴ്ച വൈകിട്ടോടെ സുഹൈലിന്റെ സുഹൃത്തായ ആലപ്പുഴ സ്വദേശി നിനവിനെ (19) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിനവിനെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജോയലിനെയും അമീനിനെയും പിടികൂടിയത്.
പ്രതി സുഹൈല്‍ സജീവിനെ(19) ജുവനൈല്‍ ഹോമായ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളിലേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബം രംഗത്തെത്തി. പ്രായം 19 ആണെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും കണക്കിലെടുത്താണ് കോടതി ഈ നടപടി സ്വീകരിച്ചത്. എന്നാല്‍ ഇതിനെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കി. അപകടം കരുതിക്കൂട്ടി ഉണ്ടാക്കിയതാണോ എന്ന് സംശയമുണ്ടെന്നും സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
കാര്‍ 120 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് സുഹൈല്‍ സജീവ് ഇന്നലെ തെളിവെടുപ്പിനിടെ പോലീസിന് മൊഴി നല്‍കി. സംഭവസ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കാറിലെ ഇവന്റ് ഡാറ്റാ റെക്കോര്‍ഡര്‍ പോലീസ് പരിശോധിക്കും. അപകടസമയത്തെ വാഹനത്തിന്റെ വേഗം, ബ്രേക്ക് ഉപയോഗിച്ചിരുന്നോ, ആക്‌സിലറേറ്റര്‍ എത്രനേരം അമര്‍ത്തിയിരുന്നു തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ ഇതിലൂടെ ലഭിക്കും. ഇതിനായി ബി എം ഡബ്ല്യു കമ്പനിയില്‍ നിന്നുള്ള മെക്കാനിക്കുകളെ എത്തിക്കാനാണ് നീക്കം. കൂടാതെ, പ്രതി സുഹൈലിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ പിറന്നാളിന് മാതാപിതാക്കള്‍ സമ്മാനിച്ച മിനി കൂപ്പര്‍ കാറാണ് അപകടമുണ്ടാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. കര്‍ണാടക സ്വദേശി ഇയാസ് (21), പാലക്കാട് സ്വദേശി ഗോപിക (21), വയനാട് സ്വദേശി ദേവിക (21) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button