കൊല്ക്കത്തയില് ദുര്ഗാപൂജ പന്തലില് തിക്കിലും തിരക്കിലും 17 മരണം; 40 പേര്ക്ക് പരിക്ക്
കൊല്ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്ക്കത്തയില് ദുര്ഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 പേര് മരിച്ചു. വടക്കന് കൊല്ക്കത്തയിലെ ചോര്ബാഗാന് സര്ബോജനീന് ദുര്ഗാപൂജ പന്തലിലാണ് രാത്രിയോടെ അപകടമുണ്ടായത്. സംഭവത്തില് 40ഓളം പേര്ക്ക് പരിക്കേറ്റതായാണ് റിപ്പോര്ട്ടുകള്. പരിക്കേറ്റവരെ കൊല്ക്കത്ത മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. പരിക്കേറ്റവരില് ചിലരുടെ നില അതീവ ഗുരുതരമാണ്. സപ്തമി ആഘോഷങ്ങള്ക്കിടെ പന്തലില് വന് തിരക്കുണ്ടായതാണ് അപകടത്തിന് കാരണമായത്. മഴ തുടങ്ങിയതോടെ പന്തലിന് പുറത്ത് കാത്തുനിന്നവര് അകത്തേക്ക് തള്ളിക്കയറിയതോടെ തിരക്ക് നിയന്ത്രണാതീതമായി. ഇതിനിടെ പന്തലിന്റെ ഒരു ഭാഗം തകരുകയും പുറത്തേക്കുള്ള ഗേറ്റിന് സമീപം തിക്കിലും തിരക്കിലും പെടുന്ന സാഹചര്യമുണ്ടാകുകയും ചെയ്തുവെന്നാണ് റിപ്പോര്ട്ടുകള്. നിരവധി പേര് കുഴഞ്ഞുവീണതായും ദൃക്സാക്ഷികള് പറഞ്ഞു. സംഭവത്തെത്തുടര്ന്ന് പന്തലിലേക്കുള്ള പ്രവേശനം പൊലീസ് താല്ക്കാലികമായി നിര്ത്തിവച്ചു. പരിക്കേറ്റവരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാന് പൊലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി. കൊല്ക്കത്ത മെഡിക്കല് കോളജ് ആശുപത്രിയില് പരിക്കേറ്റവരുടെ ചികിത്സാ സൗകര്യങ്ങള് വിലയിരുത്താന് ബംഗാള് മുഖ്യമന്ത്രി സുവേന്ദു അധികാരിയും ആരോഗ്യവകുപ്പ് അധികൃതരും എത്തി. സംഭവത്തില് പശ്ചിമ ബംഗാള് സര്ക്കാര് ഹെല്പ്ലൈന് നമ്പറും പുറത്തിറക്കി. അപകടത്തില് ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്ക്ക് അനുശോചനം അറിയിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി സംസാരിച്ചതായും അറിയിച്ചു.





