കാൻസർ മരുന്നുകളുടെ വിലക്കുറവ് പ്രാബല്യത്തിൽ വന്നു; ഉപഭോക്താക്കൾക്ക് പ്രതിവർഷം 3,540 കോടി ലാഭിക്കാം
1,364 കാൻസർ പ്രതിരോധ മരുന്നുകളുടെ പുതുക്കിയ പരമാവധി ചില്ലറ വിൽപ്പന വില ഇന്ന് മുതൽ നിലവിൽ വന്നു. ഈ നടപടിയിലൂടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം ഏകദേശം 3,540.38 കോടി രൂപയുടെ ലാഭമുണ്ടാകുമെന്ന് വ്യക്തമാക്കി. ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് ജനറലിന്റെ വിദഗ്ധ സമിതി സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിൽ, ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി, 137 കാൻസർ മരുന്നുകളുടെ എം.ആർ.പിയിലുള്ള ട്രേഡ് മാർജിനുകൾക്ക് പരിധി നിശ്ചയിച്ചിരുന്നു.മന്ത്രാലയം നൽകുന്ന വിവരമനുസരിച്ച്, 121 മരുന്നുകളിലായി 1,364 കാൻസർ പ്രതിരോധ ഫോർമുലേഷനുകളുടെ പുതുക്കിയ എം.ആർ.പി 85 ഫാർമസ്യൂട്ടിക്കൽ കമ്പനികൾ അറിയിച്ചിട്ടുണ്ട്. 679 ബ്രാൻഡുകൾക്ക് 50 ശതമാനത്തിലധികം വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഉയർന്ന വിലക്കുറവ് 96.45 ശതമാനമാണ് എന്ന് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.ഒരു കെമിസ്റ്റിനോ ആശുപത്രി ഫാർമസിക്കോ പുതുക്കിയ എം.ആർ.പിയേക്കാൾ കൂടുതൽ തുക ഈടാക്കാൻ അനുവാദമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. മരുന്ന് പാക്കറ്റുകളിൽ അച്ചടിച്ച പുതിയ എം.ആർ.പി, ‘ഫാർമ സാഹി ദാം’ മൊബൈൽ ആപ്ലിക്കേഷൻ, അല്ലെങ്കിൽ എൻ.പി.പി.എയുടെ ഔദ്യോഗിക വെബ്സൈറ്റ് (nppa.gov.in) എന്നിവ വഴി ഉപഭോക്താക്കൾക്ക് മരുന്ന് വില പരിശോധിക്കാവുന്നതാണ്.അമിതവില ഈടാക്കുന്ന സംഭവങ്ങളോ മറ്റ് വിലസംബന്ധമായ പരാതികളോ ഉള്ളവർക്ക് ‘ഫാർമ ജൻ സമാധാൻ’ പോർട്ടൽ വഴിയോ എൻ.പി.പി.എയുടെ ഹെൽപ്പ് ലൈൻ നമ്പറായ 1800-111-255 വഴിയോ പരാതി രജിസ്റ്റർ ചെയ്യാം.





