ദേശീയ മ്യൂസിയത്തിൽ നിന്ന് 4500 വർഷം പഴക്കമുള്ള ‘ഡാൻസിങ് ഗേൾ’ നീക്കം ചെയ്തു; മൗനം പാലിച്ച് അധികൃതർ
ന്യൂഡൽഹി: സിന്ധു നദീതട സംസ്കാരത്തിന്റെ അഭിമാനമായ, 4500 വർഷം പഴക്കമുള്ള ‘ഡാൻസിങ് ഗേൾ’ പ്രതിമ ദേശീയ മ്യൂസിയത്തിൽ നിന്ന് അപ്രത്യക്ഷമായതിൽ വ്യാപക പ്രതിഷേധം. ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിലെ ഹാരപ്പൻ ഗാലറിയിൽ നിന്ന് ഈ ലോകപ്രശസ്ത വെങ്കല പ്രതിമ നീക്കം ചെയ്തതാണ് വിവാദമായിരിക്കുന്നത്. ലോത്തൽ, ധോലാവിര, രാഖിഗർഹി തുടങ്ങിയ സിന്ധു നദീതട കേന്ദ്രങ്ങളിലേക്ക് റോഡ് ട്രിപ്പ് നടത്തിയ മുൻ ലോക്‌സഭാ എംപി ആർ. സെന്തിൽ, യാത്രയുടെ അവസാനം ഡൽഹി നാഷണൽ മ്യൂസിയത്തിൽ ഡാൻസിങ് ഗേളിനെ കാണാനെത്തിയപ്പോഴാണ് പ്രതിമ അവിടെയില്ലെന്ന് മനസ്സിലായത്. ‘ഡാൻസിങ് ഗേൾ ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടില്ലെന്ന് കണ്ട് ഞാൻ ഞെട്ടിപ്പോയി. ഇത്രയും പ്രാധാന്യമുള്ള ഒരു കലാസൃഷ്ടി നീക്കം ചെയ്തത് വിശ്വസിക്കാനാവുന്നില്ല. ഇവർക്ക് ചരിത്രത്തെ എങ്ങനെ ബഹുമാനിക്കണമെന്ന് അറിയില്ല തഗടൂർ അധിയമാൻ വരലാട്രു സംഘം സെക്രട്ടറിയായ സെന്തിൽ പറഞ്ഞു. ഒക്ടോബർ 17ന് മ്യൂസിയം സന്ദർശിച്ച ശേഷം, സെന്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര ഷെഖാവത്ത്, സാംസ്കാരിക സെക്രട്ടറി, നാഷണൽ മ്യൂസിയം ഡയറക്ടർ ജനറൽ എന്നിവർക്ക് കത്ത് അയച്ചിരുന്നു. പ്രതിമ പിൻവലിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ‘ഹാരപ്പൻ ഡാൻസിങ് ഗേൾ പ്രതിമയെ സിന്ധു നദീതട ഗാലറിയിൽ നിന്ന് അനാവശ്യമായി പിൻവലിച്ചത്- ഉടൻ തിരികെ വെക്കണമെന്ന ആവശ്യം’ എന്ന തലക്കെട്ടിലാണ് കത്ത്. യഥാർത്ഥ പ്രതിമ എടുത്തുമാറ്റുകയും നിലവിൽ നാഷണൽ മ്യൂസിയത്തിലോ മറ്റൊരു പ്രദർശന സ്ഥലത്തോ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്നത് സ്ഥാപനത്തിന്റെ പരിപാലനത്തിലെ വീഴ്ചയാണ്. പ്രവർത്തനക്ഷമമായ, സുരക്ഷിതമായ ഒരു പ്രദർശന സ്ഥലം തയാറാക്കാതെ ഒരു ദേശീയ നിധി മാറ്റി സ്ഥാപിക്കുന്നത് മ്യൂസിയം ക്യൂറേഷന്റെയും പൈതൃക സുരക്ഷയുടെയും എല്ലാ സ്ഥാപിത മാനദണ്ഡങ്ങൾക്കും വിരുദ്ധമാണെന്നും കത്തിൽ പറയുന്നു. പ്രതിമ നീക്കം ചെയ്തതിന്റെ പ്രവർത്തനപരമായ ന്യായീകരണം വ്യക്തമാക്കണമെന്നും, നിലവിലെ സൂക്ഷിപ്പ് / പ്രദർശന സാഹചര്യങ്ങൾ വ്യക്തമാക്കണമെന്നും, അന്താരാഷ്ട്ര സംരക്ഷണ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, യഥാർത്ഥ ശിൽപം എത്രയും വേഗം നാഷണൽ മ്യൂസിയത്തിലെ അതിന്റെ ശരിയായ ഗാലറിയിൽ പുനഃസ്ഥാപിക്കാൻ ഉടനടി നടപടി സ്വീകരിക്കണമെന്നും കത്തിൽ സെന്തിൽ ആവശ്യപ്പെട്ടു. ഡാൻസിങ് ഗേൾ ഇന്ത്യയുടെ നാഗരിക ബോധത്തിലും ആഗോള കലാചരിത്രത്തിലും ഫ്രാൻസിനും ലൂവ്ര് മ്യൂസിയത്തിനും മോണാലിസക്കുമുള്ള അതേ പ്രാധാന്യമാണുള്ളതെന്ന് സെന്തിൽ കത്തിൽ ചൂണ്ടിക്കാട്ടി. ‘ഇത്രയും അസാധാരണമായ ചരിത്രപരവും സൗന്ദര്യാത്മകവുമായ പ്രാധാന്യമുള്ള മാസ്റ്റർപീസുകൾ ലോകമെമ്പാടും സഞ്ചരിക്കാത്ത ദേശീയ നിധികളായി കണക്കാക്കപ്പെടുന്നു. ഇന്ത്യൻ പൈതൃകത്തിന്റെ ഈ കിരീടരത്നം അതിന്റെ ഗാലറിയിൽ ഇല്ലെന്ന് കാണുന്നത് പൂർണ്ണമായും അസ്വീകാര്യമാണ്’ കത്തിൽ പറയുന്നു. കത്ത് അയച്ചിട്ട് രണ്ടാഴ്ചയിലധികം കഴിഞ്ഞെങ്കിലും നാഷണൽ മ്യൂസിയത്തിൽ നിന്നോ മന്ത്രാലയത്തിൽ നിന്നോ സെന്തിലിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. നാഷണൽ മ്യൂസിയത്തിലെ ഹാരപ്പൻ ഗാലറിയിൽ സന്ദർശകർക്ക് ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ഡാൻസിങ് ഗേൾ. സെപ്റ്റംബറിൽ കലാവസ്തുക്കൾ പിൻവലിച്ച ശേഷം, മ്യൂസിയം അധികൃതർ ഒരു ചെറിയ വെളുത്ത കടലാസ് ഒട്ടിച്ചിട്ടുണ്ട്. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. യുഗേ യുഗേൻ ഭാരത് മ്യൂസിയം മോക്ക് ഗാലറിയിൽ നിന്ന് വസ്തു നീക്കം ചെയ്തു. (Object removed for Yuge Yugeen Bharat Museum Mock Gallery) എല്ലാ ദിവസവും മ്യൂസിയത്തിലേക്ക് വരുന്ന സന്ദർശകർ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും ഡാൻസിങ് ഗേളിനെക്കുറിച്ച് ചോദിക്കുന്നു. പലരും ഈ കലാവസ്തു മാത്രം കാണാൻ വന്നവരാണ്. ഇപ്പോൾ ഒരു മാസത്തിലേറെയായി അത് പ്രദർശനത്തിലില്ല. ആളുകൾ നിരാശരായി മടങ്ങുന്നു. നാഷണൽ മ്യൂസിയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഡാൻസിങ് ഗേൾ മാത്രമല്ല, നാഷണൽ മ്യൂസിയത്തിൽ നിന്ന് നിരവധി മറ്റ് മാസ്റ്റർപീസുകളും പ്രദർശനത്തിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പശുപതി മുദ്ര, ബുദ്ധന്റെ കറുത്ത പ്രതിമ, കുബേര പ്രതിമ, ദാരാ ഷിക്കോഹിന്റെ വിവാഹ ഘോഷയാത്രയുടെ പെയിന്റിങ്, മാതൃദേവത, ജാലിയൻവാലാബാഗ് കലശം എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിർദ്ദിഷ്ട യുഗേ യുഗീൻ ഭാരത് മ്യൂസിയം പ്രോട്ടോടൈപ്പ് എക്സിബിഷനുവേണ്ടിയാണ് എല്ലാ കലാവസ്തുക്കളും നീക്കം ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ അനൗപചാരികമായി ഇതിനെ ‘മോക്ക് ഗാലറി’ എന്നാണ് വിളിക്കുന്നത്. മോഹൻജൊ-ദാരോയിൽ നിന്ന് കണ്ടെത്തിയ, ഏകദേശം 10.5 സെന്റീമീറ്റർ മാത്രം ഉയരമുള്ള ഒരു ചെറിയ വെങ്കല പ്രതിമയാണ് ഡാൻസിങ് ഗേൾ. ഒരു കൈയിൽ നിറയെ വളകൾ അണിഞ്ഞ, ആത്മവിശ്വാസത്തോടെ നിൽക്കുന്ന ഒരു യുവതിയുടെ രൂപമാണിത്. ലോസ്റ്റ്-വാക്സ് കാസ്റ്റിങ് രീതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. സിന്ധു നദീതട സംസ്കാരത്തിന്റെ കലാവൈഭവത്തിന്റെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായാണ് ലോകം ഇതിനെ കാണുന്നത്. ഇന്ത്യൻ ചരിത്രപുസ്തകങ്ങളിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള കലാചരിത്ര പുസ്തകങ്ങളിലും ഈ പ്രതിമയുടെ ചിത്രമുണ്ട്. ഇത്രയും പ്രധാനപ്പെട്ട ഒരു പ്രതിമ മുന്നറിയിപ്പില്ലാതെ പ്രദർശനത്തിൽ നിന്ന് മാറ്റിയതാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. ഡാൻസിങ് ഗേൾ ഇപ്പോൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്? മോക്ക് ഗാലറി എപ്പോൾ തുറക്കും? അത് പൊതുജനങ്ങൾക്ക് കാണാൻ സാധിക്കുമോ? മറ്റ് അമൂല്യ വസ്തുക്കൾ എപ്പോൾ തിരികെ വരും? ഈ ചോദ്യങ്ങൾക്ക് മ്യൂസിയമോ മന്ത്രാലയമോ ഇതുവരെ മറുപടി നൽകിയിട്ടില്ല. ദേശീയ നിധികൾ പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കരുതെന്നാണ് ചരിത്രപ്രേമികളും ഗവേഷകരും ആവശ്യപ്പെടുന്നത്.





