രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് പത്ത് ദിവസത്തിനിടെ രണ്ട് ശസ്ത്രക്രിയ; പരിയാരം മെഡിക്കൽ കോളജിനെതിരെ ചികിത്സാ പിഴവ് ആരോപണം
കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ചികിത്സയിൽ ഗുരുതര വീഴ്ച സംഭവിച്ചതായി കുടുംബത്തിന്റെ പരാതി. ആദ്യ ശസ്ത്രക്രിയ പൂർണമായി നടത്താതെ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് പത്ത് ദിവസത്തിനിടെ രണ്ടാമതും അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവന്നെന്നാണ് ആരോപണം. പാൽ കുടിക്കുമ്പോൾ തുടർച്ചയായി ഛർദിക്കുന്നതിനെ തുടർന്ന് ഒക്ടോബർ 10നാണ് കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയ ശേഷം അവിടത്തെ ഡോക്ടറാണ് കുഞ്ഞിനെ പരിയാരത്തേക്ക് റഫർ ചെയ്തത്. ആമാശയത്തിലെ പൈലോറസ് പേശിയിലുണ്ടായ തടിപ്പ് നീക്കം ചെയ്യുന്നതിനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ശസ്ത്രക്രിയ കൃത്യമായി പൂർത്തിയാക്കാതെ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം. വീട്ടിലെത്തിയതോടെ കുഞ്ഞ് പാലും രക്തവും ഛർദിക്കുകയും ആരോഗ്യനില ഗുരുതരമാകുകയും ചെയ്തു. തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇതോടെയാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായതെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും പൊലീസിനും കുടുംബം പരാതി നൽകിയിട്ടുണ്ട്. ആരോപണത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് അധികൃതർ അന്വേഷണ ബോർഡ് രൂപവത്കരിച്ച് പരിശോധന ആരംഭിച്ചു.





