ഗർഭിണിയാണെന്ന് വെളിപ്പെടുത്തി, പിന്നാലെ ദുരഭിമാനക്കൊല: 19കാരിയെ ക്രൂരമായി കൊലപ്പെടുത്തി മാതാപിതാക്കൾ
ടെഹ്റാൻ: 19 വയസ്സുള്ള ഗർഭിണിയായ യുവതിയെ മാതാപിതാക്കൾ ക്രൂരമായി കൊലപ്പെടുത്തി. പടിഞ്ഞാറൻ ഇറാനിലെ സനന്ദജ് നഗരത്തിലാണ് ദുരഭിമാനക്കൊല. ഹെലിയ ഫത്താഹി (19) ആണ് കൊല്ലപ്പെട്ടത്. ഒരു യുവാവുമായുള്ള ബന്ധത്തെത്തുടർന്ന് താൻ രണ്ട് മാസം ഗർഭിണിയാണെന്ന വിവരം ഹെലിയ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതരായ പിതാവ് വോറിയ ഫത്താഹിയും മാതാവ് ലെയ്ല വെയ്സും ചേർന്ന് മകളെ കൊലപ്പെടുത്തുകയായിരുന്നു.അപസ്മാരത്തിനുള്ള മുപ്പതോളം ഗുളികകൾ യുവതിയെ മാതാപിതാക്കൾ നിർബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു. എന്നാൽ, ഗുളിക കഴിച്ചിട്ടും ഹെലിയ മരിച്ചില്ലെന്ന് മാതാപിതാക്കൾ മനസ്സിലാക്കിയതോടെ ക്രൂരമായി മർദിക്കുകയും തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് ഹെൻഗാവ് ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.സംഭവത്തെ ശക്തമായി അപലപിച്ച ഹെംഗാവ്, ഗാർഹിക പീഡനങ്ങൾക്കെതിരെ ശക്തമായ നിയമസംവിധാനങ്ങൾ ഇല്ലാത്തതാണ് സ്ത്രീകളെയും കുട്ടികളെയും ഇത്തരം ക്രൂരതകൾക്ക് ഇരയാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഒരാഴ്ചയ്ക്കിടെ ഇറാനിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ യുവതിഒരാഴ്ചയിലേറെയുള്ള കാലയളവിനുള്ളിൽ ഇറാനിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ യുവതിയാണ് ഹെലിയ ഫത്താഹി. നവംബർ 18ന് ഗിലാൻ പ്രവിശ്യയിൽ 23കാരിയായ സദഫ് ഹഗ്ബിൻ തന്റെ ജന്മദിനാഘോഷത്തിനിടെ വെടിയേറ്റ് മരിച്ചിരുന്നു. വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് മുൻ കാമുകനാണ് യുവതിയെ വെടിവെച്ച് കൊന്നത്. ഇറാനിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് ഈ സംഭവങ്ങൾ.




