സ്കൂളിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു
ഗാന്ധിനഗർ: സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ 15 വയസുകാരൻ മരിച്ചു. ഗുജറാത്തിലെ മഹിസാഗർ ജില്ലയിലുള്ള ബാലസിനോർ ജവഹർ നവോദയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഉത്സവ് മെഹ്റയാണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം.സ്കൂൾ വളപ്പിൽ സഹപാഠികൾക്കൊപ്പം ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ഉത്സവിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഗ്രൗണ്ടിലേക്ക് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.സൈലന്റ് ഹാർട്ട് അറ്റാക്ക് മരണകാരണമെന്നാണ് കേസ് പരിശോധിച്ച ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. എന്നാൽ, യഥാർഥ മരണകാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ബാലസിനോർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ശേഖരിച്ച സാമ്പിളുകളുടെ മെഡിക്കൽ, ലബോറട്ടറി പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച കൃത്യമായ വ്യക്തത വരികയുള്ളൂ.പഠനത്തിലും കായികരംഗത്തും ഒരുപോലെ മികവ് പുലർത്തിയിരുന്ന വിദ്യാർഥിയായിരുന്നു ഉത്സവ് മെഹ്റയെന്ന് അധ്യാപകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഓർക്കുന്നു. സംസ്ഥാനതല കബഡി ടൂർണമെന്റിൽ പങ്കെടുത്തിട്ടുള്ള ഉത്സവ്, ദേശീയതലത്തിൽ മത്സരിക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു.





