പാലക്കാട് ജീവനക്കാർക്ക് നേരെ വെടിയുതിർത്ത് ജ്വല്ലറി കവർച്ച; 20 പവൻ സ്വർണം കവർന്ന് നാലംഗ സംഘം
പാലക്കാട്: പെരുങ്ങോട്ടുകിറിശ്ശിയിൽ പ്രവർത്തിക്കുന്ന ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും 20 പവൻ കവർന്ന് നാലംഗ സംഘം. ഇന്ന് ഉച്ചക്ക് 2.30ഓടെയാണ് സംഭവം നടന്നത്. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം കവർച്ച നടത്തിയത്. ജ്വല്ലറി ഉടമയും ഭാര്യയും മറ്റു രണ്ടു ജീവനക്കാരുമായിരുന്നു കടയിലുണ്ടായിരുന്നത്. ഇവർ ഭക്ഷണം കഴിക്കുമ്പോഴാണ് ഇവർ കടയിലെത്തിയത്. മൂന്നുപേർ കടയിൽ കയറി മാല ആവശ്യപ്പെട്ടു. ഒരാൾ പുറത്ത് കാറിൽ തന്നെ ഇരുന്നു. ജീവനക്കാർ മാല എടുക്കുന്നതിനിടെയാണ് ഇവർ തോക്കെടുത്ത് ഭീഷണിപ്പെടുത്തിയത്. ജീവനക്കാർ എതിർക്കാൻ ശ്രമിച്ചെങ്കിലും കവർച്ചക്കാർ അലമാരയിൽ നിന്നും ആഭരണപ്പെട്ടികൾ കൈക്കലാക്കി. കവർച്ചക്കാരെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ഇവർ ജീവനക്കാർക്ക് നേരെ വെടിയുതിർന്നു. ഉടമയായ സനാദും മറ്റും ഓടിയെത്തിയപ്പോളേക്കും സംഘം ഓടി രക്ഷപ്പെട്ടു. ഇവർ ഹിന്ദിയിലാണ് സംസാരിച്ചിരു്നനതെന്നാണ് ജീവനക്കാർ വെളിപ്പെടുത്തിയത്. മാസ്ക് പോലും ധരിക്കാതെ എത്തിയ ഈ കവർച്ചാ സംഘത്തിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മോഷണത്തിന് ശേഷം സംഘം തിരുവില്വാമല ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.





